ഡൽഹി കലാപം : ഉത്തരവാദികൾ പുറത്ത്‌ നിന്നുള്ളവരെന്ന്‌‌‌ പൊലീസ്‌



ന്യൂഡൽഹി വടക്കുകിഴക്കൻ ഡൽഹി കലാപത്തിന്‌  പുറത്തുനിന്ന് ഉള്ളവരും ഉത്തരവാദികളെന്ന്‌ ഡൽഹി പൊലീസ്‌. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളാണ്‌ അക്രമസംഭവങ്ങൾക്ക്‌ തുടക്കമിട്ടതെന്ന്‌ ഡൽഹി പൊലീസ്‌ അവകാശപ്പെട്ടു.  നാട്ടുകാരേക്കാൾ പുറത്തുനിന്നുള്ളവരാണ്‌ പ്രതിഷേധങ്ങളിൽ അണിനിരന്നതെന്നും ഡൽഹി പൊലീസ്‌ കമീഷണർ എസ്‌ എൻ ശ്രീവാസ്‌തവയും സ്‌പെഷ്യൽ സെൽ ഡെപ്യൂട്ടി കമീഷണർ പ്രമോദ്‌സിങ്‌ ഖുശ്‌വാഹയും പൊലീസ്‌ സംഘടിപ്പിച്ച വെബിനാറിൽ പറഞ്ഞു. ‘പൗരത്വ നിയമഭേദഗതിക്ക്‌ എതിരെ വലിയ പ്രതിഷേധങ്ങൾ നടന്ന 25 സ്ഥലങ്ങളെക്കുറിച്ച്‌  അന്വേഷിച്ചു. ഇവിടെയെല്ലാം പ്രദേശവാസികൾ പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നില്ല‌. പുറത്തുനിന്ന്‌ നിരവധി പേർ വരികയും പോകുകയും ചെയ്‌തു. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഡൽഹി സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെ പ്രതിഷേധങ്ങളുടെ രീതിയും സ്വഭാവവും മാറി. ചെറിയ കല്ലേറിലാണ്‌ തുടങ്ങിയത്‌. അത്‌ വലിയ കലാപമായി വളർന്നു’–- ഡിസിപി പ്രമോദ്‌ സിങ്‌ ഖുശ്‌വാഹ പറഞ്ഞു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ രജിസ്റ്റർ ചെയ്‌ത കേസിലെ കുറ്റപത്രം വ്യാഴാഴ്‌ച സമർപ്പിക്കുമെന്ന്‌ ഡൽഹി പൊലീസ്‌ കമീഷണർ അറിയിച്ചു. കലാപത്തിന്‌ കാരണം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളാണെന്നത്‌ പൊലീസ്‌ തുടക്കംമുതൽ സ്വീകരിച്ചിട്ടുള്ള നിലപാടാണ്‌. എന്നാൽ, അതിനു പിന്നിൽ‌ പുറത്തുനിന്നുള്ളവരെക്കൂടി ഉത്തരവാദികളാക്കുന്ന കുറ്റാരോപണം ആദ്യമാണ്‌‌. കൂടുതൽ പേരെ പ്രതിചേർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്‌ പുതിയ നിലപാട്‌.‌ Read on deshabhimani.com

Related News