‘കൈകാര്യം ചെയ്യും’ ; മധ്യപ്രദേശ്‌ സർക്കാരിന്‌ സുപ്രീംകോടതി താക്കീത്‌



ന്യൂഡൽഹി   ഹിന്ദുവിരുദ്ധ പുസ്‌തകം ലൈബ്രറിയിൽ സൂക്ഷിച്ചെന്ന്‌ ആരോപിച്ചുള്ള എബിവിപിയുടെ പരാതിയിൽ കോളേജ്‌ പ്രിൻസിപ്പലിനെ അറസ്‌റ്റുചെയ്യാനുള്ള മധ്യപ്രദേശ്‌ സർക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. പ്രിൻസിപ്പലിന്‌ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ എതിർക്കുമെന്ന്‌ സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോഴാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്‌. സർക്കാർ ഉത്തരവാദിത്വം കാട്ടണം. 2014ൽ അദേഹം പ്രിൻസിപ്പൽ പോലുമല്ലാത്ത കാലത്ത്‌ ലൈബ്രറിയിൽ വാങ്ങിയ പുസ്‌തകമാണ്‌. എന്നിട്ടും അറസ്‌റ്റുചെയ്യണം എന്നാണോയെന്നും മുൻകൂർ ജാമ്യത്തെ എതിർക്കാനാണ്‌ തീരുമാനമെങ്കിൽ കൈകാര്യം ചെയ്‌തോളാമെന്നും  ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ പറഞ്ഞു. ഇൻഡോറിലെ സർക്കാർ ലോ കോളേജ്‌ പ്രിൻസിപ്പൽ ഡോ. ഇനാമുർ റഹ്‌മാന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഡോ. ഫർഹത്ത്‌ ഖാൻ എഴുതിയ ‘കളക്ടീവ്‌ വയലൻസ്‌ ആൻഡ്‌ ക്രിമിനൽ ജസ്‌റ്റിസ്‌ സിസ്‌റ്റം’ എന്ന പുസ്‌തകം ലൈബ്രറിയിലുള്ളതിനെതിരെ എബിവിപിക്കാർ അക്രമസമരം നടത്തിയിരുന്നു. തുടർന്ന്‌ പ്രിൻസിപ്പലിനെതിരെ കേ സെടുത്തു. പ്രിൻസിപ്പലിന്റെ ഹർജിയിൽ സുപ്രീംകോടതി അറസ്‌റ്റിൽനിന്ന്‌ സംരക്ഷണവും മധ്യപ്രദേശ്‌ ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. Read on deshabhimani.com

Related News