കൽക്കരിപ്പാടം ലേലം ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്‌



ന്യൂഡൽഹി വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനത്തിന് കൽക്കരിപ്പാടങ്ങൾ ലേലം ചെയ്യുന്നതിനെതിരായ ജാർഖണ്ഡിന്റെ ഹർജിയിൽ കേന്ദ്രസർക്കാർ നാലാഴ്‌ചയ്‌ക്കുള്ളിൽ നിലപാട്‌ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. ജാർഖണ്ഡിന്റെ ഒറിജിനൽ സ്യൂട്ടും റിട്ട്‌ ഹർജിയുമാണ്‌ പരിഗണിച്ചത്‌. വിശദ വാദം കേൾക്കാൻ താൽപ്പര്യമുണ്ടെന്ന്‌ ചീഫ്‌ ജസ്‌സ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. കൽക്കരിപ്പാടങ്ങൾ ലേലം ചെയ്യുമെന്ന് സംസ്ഥാനവുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ്‌ കേന്ദ്രം‌ പ്രഖ്യാപിച്ചതെന്ന് ഹർജിയിൽ പറയുന്നു. ആഗസ്‌ത്‌ 18ന്‌ തുടങ്ങുന്ന ലേലനടപടികള്‍ മരവിപ്പിക്കണമെന്നും എത്രയും പെട്ടെന്ന്‌ വാദം കേൾക്കണമെന്നും ജാർഖണ്ഡിനുവേണ്ടി  മുതിർന്ന അഭിഭാഷകരായ ഫാലി എസ്‌ നരിമാനും മനു അഭിഷേക്‌ സിങ്‌വിയും ആവശ്യപ്പെട്ടു. വേണ്ടിവന്നാല്‍ ലേല നടപടികൾ മാറ്റാവുന്നതേയുള്ളൂവെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പ്രതികരിച്ചു. സംസ്ഥാന അനുമതി തേടാത്ത കേന്ദ്രനടപടി ഫെഡറൽ തത്വലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒറിജിനൽ സ്യൂട്ട് ഫയൽ ചെയ്‌തത്. Read on deshabhimani.com

Related News