നിര്‍ദിഷ്ടയോ​ഗ്യതകളില്ല ; ഐഐഎംസി തലപ്പത്ത്‌ ആർഎസ്‌എസുകാരൻ



ന്യൂഡൽഹി രാജ്യത്തെ പരമോന്നത മാധ്യമ പഠന സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാസ്‌ കമ്യൂണിക്കേഷൻ (ഐഐഎംസി) ഡയറക്ടർ ജനറലായി കേന്ദ്രസർക്കാർ നിയമിച്ച ആർഎസ്‌എസ്‌ അനുഭാവി സഞ്ജയ്‌ ദ്വിവേദിക്ക്‌ നിർദിഷ്‌ട യോഗ്യതകളില്ല. ഇയാളുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ ചോദ്യംചെയ്യുന്ന കേസ് മധ്യപ്രദേശ്‌ ഹൈക്കോടതിയുടെ പരിഗണനയില്‍. കേസ് കൊടുത്ത അശുതോഷ്‌ മിശ്ര നിയമനത്തിലെ അപാകം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ പരാതി നല്‍കി. കേന്ദ്രമന്ത്രിസഭാതീരുമാനപ്രകാരം മൂന്നു വർഷത്തേക്ക്‌ നേരിട്ടുള്ള നിയമനമാണ്‌‌. നിയമനം ചോദ്യം ചെയ്‌തുള്ള പരാതി ഡൽഹി ഹൈക്കോടതിയുടെ പരിഗണനിലാണ്‌. പിഎച്ച്‌ഡി ഇല്ലാത്ത സഞ്ജയെ ഭോപാലിലെ മഖൻലാൽ സർവകലാശാല റീഡറായി നിയമിച്ചതാണ്‌ മധ്യപ്രദേശ് ഹൈക്കോടതിയിലുള്ള കേസ്‌. പിന്നീട്‌ പ്രൊഫസറായി സ്ഥാനക്കയറ്റം നൽകി. കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിച്ച്‌ ബിജെപി അധികാരം പിടിച്ചതിനുശേഷം സർവകലാശാല വൈസ്‌ ചാൻസലറായി നിയമിച്ചു. സഞ്ജയ്‌ക്ക്‌ ജേർണലിസത്തിൽ യുജിസി–-നെറ്റ്‌ യോഗ്യതയില്ല. 23 വർഷംമുമ്പ്‌ ബിരുദാനന്തര ബിരുദം പാസായ വ്യക്തിയെയാണ്‌ 25 വർഷം പ്രവൃത്തി പരിചയം ആവശ്യമുള്ള ഐഐഎംസി തലവനായി നിയമിച്ചത്‌. റായ്‌പുരിലെ കെ ടി ജേർണലിസം സർവകലാശാലയിലെ റീഡറായി സഞ്ജയ്‌  മുമ്പ് നിയമനം നേടി. നിയമനം കോടതിയിലെത്തിയതോടെ പദവി രാജിവച്ചു. മഖൻലാൽ സർവകലാശാലയിലെ പ്രവർത്തനത്തില്‍‌ സഞ്ജയ്‌ക്കെതിരെ സാമ്പത്തിക കുറ്റകൃത്യവിഭാഗം കേസെടുത്തിട്ടുണ്ട്‌. Read on deshabhimani.com

Related News