പിടിഐക്ക് 84.48 കോടി പിഴയിട്ട് കേന്ദ്രം



ന്യൂഡൽഹി രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയോട്‌ (പിടിഐ) 84.48 കോടി രൂപ പിഴയടയ്‌ക്കാൻ ആവശ്യപ്പെട്ട്‌ കേന്ദ്രസർക്കാർ. വാടക കരാർ ലംഘനം, അനധികൃത നിർമാണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഭീമമായ തുക പിഴയിട്ടത്. പാര്‍പ്പിട, ന​ഗരകാര്യ  മന്ത്രാലയത്തിനു കീഴിലെ ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസാണ്‌ നോട്ടീസ്‌ നൽകിയത്‌. 30 ദിവസത്തിനുള്ളിൽ പിഴയൊടുക്കിയില്ലെങ്കില്‍ 10 ശതമാനം പലിശകൂടി ഈടാക്കുമെന്നും ജൂലൈ ഏഴിന്‌ നൽകിയ നോട്ടീസിൽ പറയുന്നു. 1948 മുതൽ ഡൽഹി പാർലമെന്റ്‌ സ്‌ട്രീറ്റിലെ ആസ്ഥാനത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ വാടക നൽകിയിട്ടില്ല, കെട്ടിടവളപ്പില്‍ അനധികൃത നിർമാണം നടത്തി എന്നെല്ലാമാണ് കുറ്റം. ഏഴു ദിവസത്തിനകം ചട്ടലംഘനം പരിഹരിക്കുകയോ പിഴ അടയ്‌ക്കുകയോ വേണമെന്നാണ്‌ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്‌. ഇന്ത്യ–-ചൈന അതിർത്തിയിലെ സംഘർഷത്തിനിടെ പിടിഐയുടെ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ‌പ്രസാർ ഭാരതി രംഗത്തെത്തിയതിനു പിന്നാലെയാണ്‌ കേന്ദ്രത്തിന്റെ തിരക്കിട്ട നടപടി. ഇന്ത്യയിലെ ചൈനീസ് അംബാസഡറുടെ അഭിമുഖം പിടിഐ നല്‍കിയത് രാജ്യദ്രോഹനടപടിയാണെന്നും പിടിഐയുടെ സർക്കാർ സബ്‌സ്‌ക്രിപ്‌ഷൻ പിൻവലിക്കുമെന്നും പ്രസാർ ഭാരതി ഭീഷണിമുഴക്കി. പ്രസാർ ഭാരതിയുടെ അധികാരപരിധിയിലല്ലാത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. Read on deshabhimani.com

Related News