സർക്കാർ വക സ്‌തംഭനം തുടരുന്നു ; പാർലമെന്റ്‌ നടപടികൾ മുടങ്ങി



ന്യൂഡൽഹി ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയിലാണെന്ന്‌ വിദേശത്ത്‌ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ അദ്ദേഹം മാപ്പുപറയണമെന്ന്‌ ആവശ്യപ്പെട്ട്‌ തുടർച്ചയായ രണ്ടാം ദിവസവും ഭരണപക്ഷം പാർലമെന്റ്‌ നടപടികൾ മുടക്കി. അദാനി ഓഹരിത്തട്ടിപ്പ്‌ വിഷയം സഭയിൽ ഉന്നയിക്കുന്നത്‌ തടയാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ പ്രതിപക്ഷം തിരിച്ചടിച്ചു. അദാനിവിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട്‌ ശക്തമായി മുന്നോട്ടുപോകാൻ രാവിലെ 16 പ്രതിപക്ഷകക്ഷികൾ യോഗം ചേർന്ന്‌ തീരുമാനിച്ചു. രാജ്യസഭ രാവിലെ ഓസ്‌കർ അവാർഡ്‌ ജേതാക്കളെ അനുമോദിച്ചു. അദാനി, ത്രിപുരയിലെ ആക്രമണങ്ങൾ എന്നീ വിഷയങ്ങൾ ഉന്നയിച്ച്‌ പ്രതിപക്ഷം നോട്ടീസ്‌ നൽകിയെങ്കിലും ചെയർ തള്ളി. പാർലമെന്റിലെ ഒരംഗം വിദേശത്ത്‌ പോയി രാജ്യത്തെ അപമാനിച്ച്‌ സംസാരിച്ചെന്ന്‌ മന്ത്രി പിയൂഷ്‌ ഗോയൽ ആരോപിച്ചു. ഇതോടെ ബഹളത്തിൽ മുങ്ങിയ സഭ പിരിഞ്ഞ്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ വീണ്ടും ചേർന്നപ്പോഴും പ്രക്ഷുബ്ധമായി തുടർന്നു. ഇതോടെ ബുധനാഴ്‌ചത്തേക്ക്‌ പിരിഞ്ഞു. രാജ്യസഭയിൽ മന്ത്രി പിയൂഷ്‌ ഗോയൽ നടത്തിയ പരമാർശത്തിന്റെ പേരിൽ അവകാശലംഘനം ആരോപിച്ച്‌ കോൺഗ്രസ്‌ നോട്ടീസ്‌ നൽകി. Read on deshabhimani.com

Related News