നിയമസഭയിൽ ജയിക്കും ലോക്‌സഭയിൽ തോൽക്കും ; കോൺഗ്രസിനെ വലയ്‌ക്കുന്ന ദൗര്‍ബല്യം



ന്യൂഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജയം തൊട്ടുപിന്നാലെയുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ കഴിയാത്തത് കോണ്‍​ഗ്രസിനെ വലയ്ക്കുന്ന സ്ഥിരം ദൗർബല്യം. കർണാടകം,രാജസ്ഥാൻ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ എന്നിവിടങ്ങളില്‍  നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻകുതിപ്പ്‌ നടത്തിയാണ്‌ 2014 ലും 2019 ലും ബിജെപി കേന്ദ്രത്തിൽ അധികാരം പിടിച്ചത്‌. കർണാടകത്തിൽ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 122 സീറ്റോടെ കോൺഗ്രസ്‌ അധികാരത്തിലെത്തി. ബിജെപി 30ൽ ഒതുങ്ങി. എന്നാൽ, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിത്രം മാറി. ആകെ 28 സീറ്റിൽ 17ലും ബിജെപി ജയിച്ചു. കോൺഗ്രസിന്‌ ഒമ്പത്‌ സീറ്റ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനമായിരുന്ന ബിജെപിയുടെ വോട്ടുവിഹിതം ലോക്‌സഭയിൽ 43 ശതമാനത്തിലേക്ക്‌ ഉയർന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ 104ഉം കോൺഗ്രസിന്‌ 80ഉം സീറ്റ്‌ കിട്ടി. മാസങ്ങൾക്കുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റ്‌ ജയിച്ചപ്പോൾ കോൺഗ്രസ്‌ ഒറ്റ സീറ്റിലൊതുങ്ങി. 2018ൽ 100 സീറ്റോടെ രാജസ്ഥാനിൽ കോൺഗ്രസ്‌ അധികാരത്തിലെത്തി. എന്നാൽ, 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽആകെയുള്ള 25 സീറ്റും ബിജെപി പിടിച്ചു. 2014ലും രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റും ബിജെപി നേടി. മധ്യപ്രദേശിൽ 2018ൽ 114 സീറ്റിൽ കോൺഗ്രസ്‌ ജയിച്ചു. ബിജെപിക്ക്‌ 109. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 29ൽ 28ലും ബിജെപി ജയിച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 27 സീറ്റ്‌ ബിജെപി നേടിയിരുന്നു. ഛത്തീസ്‌ഗഢിൽ 2018ൽ 68 സീറ്റ്‌ നേടി കോൺഗ്രസ്‌ അധികാരം പിടിച്ചു. ബിജെപിക്ക്‌ കിട്ടിയത്‌ 15 മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 11ൽ ഒമ്പതും ബിജെപി നേടി.   Read on deshabhimani.com

Related News