കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന്‌ ഇന്ന്‌ തുടക്കം ; കപിൽ സിബൽ 
വിട്ടുനിൽക്കും



ജയ്‌പുർ നിരന്തമായ തെരഞ്ഞെടുപ്പ്‌ തോൽവികളും സംഘടന ദൗർബല്യവും പരിഹരിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ കോൺഗ്രസ്‌ നടത്തുന്ന ചിന്തൻ ശിബിരത്തിന്‌ വെള്ളിയാഴ്‌ച തുടക്കമാകും. രാജസ്ഥാനിൽ ഉദയ്‌പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ്‌ ആരവല്ലിയിലാണ്‌ മൂന്ന്‌ദിവസത്തെ സമ്മേളനം.ജി 23 വിഭാഗം നേതാവായ കപിൽ സിബൽ വിട്ടുനിൽക്കും. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആമുഖ പ്രഭാഷണത്തോടെയാകും തുടക്കം. 422 പ്രതിനിധികൾ പങ്കെടുക്കും. ചിന്തൻ ശിബിരത്തിന്റെ ഭാഗമായി രൂപീകരിച്ച ആറ്‌ സമിതികൾ നൽകിയ റിപ്പോർട്ടിൽ ചർച്ച നടത്തും. ഒരാൾക്ക് ഒരുപദവി, ഒരു കുടുംബത്തിൽ ഒരു സ്ഥാനാർഥി തുടങ്ങിയ നിർദേശം സമിതി നൽകിയിട്ടുണ്ട്. ചർച്ചയ്‌ക്ക് ശേഷം ഏതൊക്കെ നിർദേശം അംഗീകരിക്കണമെന്ന്‌ പ്രവർത്തക സമിതി തീരുമാനിക്കും. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മാന്ത്രികവടിയില്ലെന്നായിരുന്നു തിങ്കളാഴ്‌ചത്തെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി പറഞ്ഞത്‌.  74 നേതാക്കളോടൊപ്പം രാഹുൽ ഗാന്ധി വ്യാഴാഴ്‌ച രാത്രി ഡൽഹിയിൽ നിന്ന്‌ ട്രെയിനിൽ ജയ്‌പുരിലേക്ക്‌ പുറപ്പെട്ടു. സോണിയയും പ്രിയങ്ക ഗാന്ധിയും പ്രത്യേക വിമാനത്തിൽ എത്തും. ഞായറാഴ്‌ച സോണിയയുടെ സമാപന പ്രസംഗത്തോടെ ശിബിരം അവസാനിക്കും. രാഹുൽ ഗാന്ധി സംസാരിക്കും. Read on deshabhimani.com

Related News