സ്വവർഗവിവാഹം 
അം​ഗീകരിക്കില്ല: കേന്ദ്രം ; വൈവാഹിക, വ്യക്തി നിയമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്‌ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം



ന്യൂഡൽഹി സ്വവർഗവിവാഹത്തിന്‌ നിയമപരമായ അംഗീകാരം തേടിയ ഹർജി ശക്തമായി എതിർത്ത്‌ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഇന്ത്യയിൽ കുടുംബമെന്നാൽ ജീവശാസ്‌ത്രപരമായി പുരുഷനും സ്‌ത്രീയുമായ രണ്ടുപേർ തമ്മിലുള്ള ബന്ധമാണ്‌. ആ വൈവാഹിക ബന്ധത്തിൽ നിന്നുണ്ടാകുന്ന കുട്ടികൾകൂടി  ഉൾപ്പെടുന്നതാണ്‌ കുടുംബമെന്ന സങ്കൽപ്പം. സ്വവർഗാനുരാഗികളായ പങ്കാളികൾ ഒരുമിച്ച്‌ കഴിഞ്ഞാലും ശാരീരികബന്ധത്തിൽ ഏർപ്പെട്ടാലും അത് കുടുംബ ബന്ധമാകില്ല. വിവാഹമെന്ന സമ്പ്രദായത്തിന്‌ പലതലത്തില്‍ പൊതു, സാമൂഹ്യ പ്രസക്തിയുണ്ട്‌. വൈവാഹികബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ അതിന്റെ ഭാഗമായി കടമകളും ചുമതലകളും അവകാശങ്ങളുമുണ്ട്‌. ഏതെങ്കിലും സാമൂഹ്യപരമായ ബന്ധത്തിന്‌ നിയമപരമായ അംഗീകാരം നൽകണമെന്ന ആവശ്യം മൗലികാവകാശമായി കണക്കാക്കാൻ കഴിയില്ല. ഭരണഘടനയുടെ 19–-ാം അനുച്ഛേദം വ്യക്തികൾക്ക്‌ പങ്കാളികളാകാനുള്ള അവകാശം നൽകുന്നുവെന്ന വാദം അംഗീകരിച്ചാൽ തന്നെയും ആ അവകാശത്തെ സർക്കാരുകൾ അംഗീകരിക്കണമെന്ന വാദം ഉന്നയിക്കാൻ സാധിക്കില്ല. സ്വവർഗവിവാഹങ്ങൾക്ക്‌ അംഗീകാരം നൽകിയാൽ നിലവിലുള്ള വൈവാഹിക, വ്യക്തി നിയമങ്ങളെ അത്‌ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍- സത്യവാങ്‌മൂലത്തിൽ അവകാശപ്പെട്ടു. വിവാഹത്തിന്‌ നിയമപരമായ അംഗീകാരംതേടി സ്വവർഗ ജീവിതപങ്കാളികൾ നൽകിയ ഹർജിയിലാണ്‌ കേന്ദ്രം നിലപാട് അറിയിച്ചത്.  നേരത്തേ സ്വവർഗവിവാഹങ്ങൾക്ക്‌ അംഗീകാരംതേടി വിവിധ ഹൈക്കോടതികളുടെ മുന്നിലുള്ള ഹർജികൾ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ സുപ്രീംകോടതിയിലേക്ക്‌ മാറ്റിയിയിരുന്നു. തുടർന്നാണ്‌ നിലപാട്‌ വ്യക്തമാക്കാൻ കേന്ദ്രത്തോട് നിർദേശിച്ചത്‌. Read on deshabhimani.com

Related News