നാഗാലാൻഡ്‌ വെടിവയ്‌പ്‌ : 30 സൈനികർക്ക് കുറ്റപത്രം



ന്യൂഡൽഹി നാഗാലാൻഡിൽ കഴിഞ്ഞവര്‍ഷം 14 പ്രദേശവാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ മേജർ ഉൾപ്പെടെ 30 സൈനികരുടെ പേരുകൾ ഉൾപ്പെടുത്തി പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു.  സാധാരണക്കാരായ ഗ്രാമീണർക്കുനേരെ നടപടിക്രമങ്ങൾ പാലിക്കാതെ സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്‌സ്‌ അംഗങ്ങൾ വെടിയുതിർക്കുകയായിരുന്നെന്ന്‌ പ്രത്യേക അന്വേഷകസംഘം (എസ്‌ഐടി) ജില്ലാ സെഷൻസ്‌ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മേജറിന്‌ പുറമേ രണ്ട്‌ സുബേദർമാർ, എട്ട്‌ ഹവിൽദാർമാർ, നായക്‌ റാങ്കിലുള്ള നാല്‌ ഉദ്യോഗസ്ഥർ, ലാൻസ്‌ നായക്‌ റാങ്കിലുള്ള ആറ്‌ പേർ, ഒമ്പത്‌ അർധസൈനികവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പേരുകളാണ്‌ കുറ്റപത്രത്തിലുള്ളത്‌.   2021 ഡിസംബർ നാലിന്‌ രാത്രി ഖനികളിൽനിന്ന്‌ മടങ്ങിയ ആറ്‌ തൊഴിലാളികളെ തീവ്രവാദികളെന്ന്‌ തെറ്റിദ്ധരിച്ച്‌ സൈനികർ വധിച്ചു. തുടര്‍ന്ന് പ്രദേശത്ത്‌  സംഘർഷമുണ്ടായപ്പോൾ സൈനികർ നടത്തിയ വെടിവയ്‌പിലാണ്‌ ഏഴുപേർകൂടി കൊല്ലപ്പെട്ടത്‌. നാട്ടുകാർ നടത്തിയ ആക്രമണത്തിൽ ഒരു സൈനികന്‌ ജീവൻ നഷ്ടപ്പെട്ടു. അടുത്തദിവസം നടന്ന ഏറ്റുമുട്ടലിലാണ്‌ മറ്റൊരു നാട്ടുകാരൻ കൊല്ലപ്പെട്ടത്‌. Read on deshabhimani.com

Related News