അടിത്തറ ഇളകി 
ഹരിയാന കോണ്‍​ഗ്രസ്



ന്യൂഡൽഹി രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ ഹരിയാന കോൺഗ്രസിലെ തമ്മിലടി വഴിത്തിരിവില്‍. പിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ട്‌ പോരടിച്ചുനിൽക്കുന്ന പ്രവർത്തകസമിതി ക്ഷണിതാവ് കുൽദീപ്‌ ബിഷ്‌ണോയി (65)യുടെ കൂറുമാറ്റം കോണ്‍​ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ബിഷ്‌ണോയിയെ പുറത്താക്കിയെങ്കിലും അതിന്റെ നഷ്ടം കോണ്‍​ഗ്രസിനെ വേട്ടയാടും. മുൻമുഖ്യമന്ത്രി ഭജൻലാലിന്റെ മകനും ജാട്ടിതര സമുദായത്തിൽനിന്നുള്ള നേതാക്കളിൽ പ്രമുഖനുമായ ബിഷ്‌ണോയിക്ക് എതിരായ നടപടി ഹരിയാനയില്‍ കോൺഗ്രസിന്റെ അടിത്തറ കൂടുതൽ ദുർബലമാക്കും. നാലു തവണ എംഎൽഎയായ ഇദ്ദേഹം അഖിലേന്ത്യാ ബിഷ്‌ണോയി മഹാസഭാ പ്രസിഡന്റുമാണ്‌. പ്രതിപക്ഷ നേതാവും മുൻമുഖ്യമന്ത്രിയുമായ ഭൂപേന്ദർസിങ്‌ ഹൂഡയുടെ വിശ്വസ്‌തൻ ഉദയ്‌ഭാനെ ഒന്നരമാസംമുമ്പ്‌ പിസിസി അധ്യക്ഷനായി നിയമിച്ചതുമുതൽ ബിഷ്‌ണോയി പ്രതിഷേധത്തിലാണ്‌. പ്രതിഷേധം നേരിട്ട് രാഹുൽ ഗാന്ധിയെ അറിയിക്കാന്‍ അനുമതി ലഭിക്കുംവരെ താനോ അനുയായികളോ കോൺഗ്രസ്‌ പരിപാടികളിൽ പങ്കെടുക്കില്ലെന്ന്‌ ബിഷ്‌ണോയി പ്രഖ്യാപിച്ചു. എന്നാല്‍, രാഹുൽ കൂടിക്കാഴ്‌ചയ്‌ക്ക്‌ തയ്യാറായില്ല. കോൺഗ്രസ്‌ എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്‌ മാറ്റിയപ്പോൾ ബിഷ്ണോയ് ഒപ്പം പേയില്ല. മാക്കന്റെ തോൽവി കണ്ടില്ലെന്നുനടിക്കാൻ കഴിയാതെവന്നതോടെയാണ് നടപടി ഉണ്ടായത്. 2016ലെ ഹരിയാന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സീന്യൂസ്‌ ചാനൽ ഉടമ സുഭാഷ്‌ചന്ദ്രയ്‌ക്ക്‌ കോൺഗ്രസ്‌ എംഎൽഎമാർ വോട്ട്‌ചെയ്‌തിട്ടും അച്ചടക്കനടപടി എടുത്തിരുന്നില്ല. Read on deshabhimani.com

Related News