ഹരിദ്വാറിലെ വംശീയ കൊലവിളി : സുപ്രീംകോടതി ഇടപെടുന്നു



ന്യൂഡൽഹി ഹരിദ്വാർ മതസമ്മേളനത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരായി കൊലവിളി മുഴക്കിയ സംഘപരിവാർ നേതാക്കൾക്കും സന്യാസിമാർക്കുമെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാമെന്ന്‌ സുപ്രീംകോടതി. തിങ്കളാഴ്‌ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം ഉന്നയിച്ചപ്പോഴാണ് ഉടൻ വാദം കേൾക്കാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അറിയിച്ചത്‌. മാധ്യമപ്രവർത്തകൻ ഖുർബാൻ അലി, പട്‌ന ഹൈക്കോടതി മുൻ ജഡ്‌ജിയും മുതിർന്ന അഭിഭാഷകയുമായ അഞ്‌ജന പ്രകാശ്‌ എന്നിവരാണ്‌ പൊതുതാൽപ്പര്യ ഹർജി നൽകിയത്‌. അന്വേഷണം നിലവിലുണ്ടോയെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ആരാഞ്ഞു. കേസെടുത്തെങ്കിലും അറസ്‌റ്റൊന്നുമില്ലെന്ന്‌ സിബൽ അറിയിച്ചു. ഉത്തരാഖണ്ഡിലാണ്‌ സംഭവം. കോടതിയുടെ ഇടപെടലില്ലാതെ ഒരു നടപടിയുമുണ്ടാകില്ല–-സിബൽ പറഞ്ഞു. ഹിന്ദുയുവവാഹിനി ഡൽഹിയിലും സന്യാസി യതി നരസിംഹാനന്ദ്‌ ഗിരി ഹരിദ്വാറിലും സംഘടിപ്പിച്ച മതസമ്മേളനത്തിലുണ്ടായ വിദ്വേഷപരാമർശങ്ങളും ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തണമെന്ന ആഹ്വാനമുണ്ടായതും ചൂണ്ടിക്കാട്ടിയാണ്‌ ഹർജി. പ്രത്യേകാന്വേഷണ സംഘത്തെ നിയമിച്ച്‌ സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ്‌ ആവശ്യം.ഹരിദ്വാർ സംഭവത്തിൽ ഉത്തരാഖണ്ഡ്‌ പൊലീസ്‌ അഞ്ചു പേർക്കെതിരെ കേസെടുത്തിരുന്നു. ഡൽഹി മതസമ്മേളനവുമായി ബന്ധപ്പെട്ട്‌ പരാതി ലഭിച്ചെങ്കിലും കേസെടുത്തിട്ടില്ല. സുദർശൻ ടിവി ഉടമ സുരേഷ്‌ ചവ്‌ഹങ്കെ അടക്കമുള്ളവരാണ്‌ വിദ്വേഷ പരാമർശം നടത്തിയത്‌. Read on deshabhimani.com

Related News