കർഷക തൊഴിലാളി സംഘടനകൾ 
രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്‌



ന്യൂഡൽഹി > തൊഴിലുറപ്പ്‌ തൊഴിൽ ദിനങ്ങൾ പ്രതിവർഷം 200 ആയി വർധിപ്പിക്കണമെന്നും മിനിമം പ്രതിദിന വേതനം 600 രൂപയായി നിശ്‌ചയിക്കണമെന്നും ആവശ്യപ്പെട്ട്‌ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയനടക്കം അഞ്ച്‌ കർഷക തൊഴിലാളി സംഘടന കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ്‌ സിങ്ങിന്‌ നിവേദനം നല്‍കി. കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ യാത്രാട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നും കൂടുതൽ ജനറൽ ബോഗികൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനും നിവേദനം നൽകി. അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന്‌ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ്‌ സെക്രട്ടറിയും രാജ്യസഭാംഗവുമായ വി ശിവദാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലുറപ്പ്‌ പദ്ധതി കേന്ദ്രം പൂർണമായും അവഗണിക്കുകയാണ്‌. ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അപകടത്തിൽപ്പെട്ട ജനറൽ ബോഗിയിൽ കൂടുതലും ബിഹാർ, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലെ കർഷക തൊഴിലാളികളായിരുന്നു.  മരിച്ചവരുടെ കുടുംബത്തിന്‌ 25 ലക്ഷം ധനസഹായവും കുടുംബത്തിൽ ഒരാൾക്ക്‌ റെയിൽവേയിൽ ജോലിയും നൽകണമെന്നും- ശിവദാസൻ ആവശ്യപ്പെട്ടു. മറ്റ്‌ കർഷക തൊഴിലാളി യൂണിയൻ നേതാക്കളായ രാധികാ മേനോൻ, വി എസ്‌ നിർമൽ, വിക്രം സിങ്‌ തുടങ്ങിയവരും സംസാരിച്ചു. Read on deshabhimani.com

Related News