ജംബോ കമ്മിറ്റികളുടെ ചിറകരിയുക, ഒരാൾക്ക്‌ ഒരു പദവി ; ചിന്തൻ ശിബിരം ചർച്ച ചെയ്യുക ‘കടുത്ത’ നിർദേശങ്ങൾ



ന്യൂഡൽഹി എഐസിസി, പിസിസി, ഡിസിസി തലങ്ങളിലെ ജംബോ കമ്മിറ്റികളുടെ ചിറകരിയുക, ഒരു കുടുംബത്തിൽനിന്ന്‌ ഒരാൾക്കുമാത്രം സ്ഥാനാർഥിത്വം, ഒരാൾക്ക്‌ ഒരു പദവി, തെരഞ്ഞെടുക്കപ്പെടുന്ന കൂടുതൽ പദവികൾ –- രാജസ്ഥാനിലെ ഉദയ്‌പ്പുരിൽ ചേരുന്ന ചിന്തൻ ശിബിരത്തിൽ കോൺഗ്രസ്‌ ചർച്ച ചെയ്യുക അവിശ്വസനീയ നിർദേശങ്ങൾ. ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള സംഘടനാ കാര്യങ്ങൾക്കായുള്ള സമിതിയാണ്‌ കോൺഗ്രസിന്റെ തിരിച്ചുവരവിനായി ‘കടുത്ത’ നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്‌. തിങ്കളാഴ്‌ച പ്രവർത്തകസമിതി പരിഗണിച്ച നിർദേശങ്ങൾ വെള്ളിയാഴ്‌ചമുതൽ മൂന്ന്‌ ദിവസത്തേക്ക്‌ ചേരുന്ന ചിന്തൻ ശിബിരം ചർച്ച ചെയ്യും. ഒരു കുടുംബത്തിൽനിന്ന്‌ ഒരാൾക്കുമാത്രം തെരഞ്ഞെടുപ്പ്‌ ടിക്കറ്റ്‌ എന്ന നിർദേശം അംഗീകരിക്കപ്പെട്ടാൽ സോണിയാ കുടുംബത്തിൽനിന്ന്‌ ഒന്നിലേറെപ്പേർ മത്സരിക്കുന്ന സ്ഥിതി അടക്കം ഒഴിവാക്കപ്പെടും. വിമത വിഭാഗമായ ജി–-23 മുന്നോട്ടുവച്ച പാർലമെന്ററി ബോർഡിന്റെ പുനഃസ്ഥാപനമെന്ന നിർദേശവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കോൺഗ്രസ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ ജി–-23 നിർദേശിച്ച നേതാവാണ്‌ മുകുൾ വാസ്‌നിക്. നേതാക്കൾ ട്രെയിനിൽ ഉദയ്‌പ്പുരിലേക്ക്‌ നേപ്പാളിൽ നിശാക്ലബിൽ പോയതടക്കം ബിജെപി മുന്നോട്ടുവയ്‌ക്കുന്ന ആക്ഷേപങ്ങൾക്കുള്ള മറുപടിയായി ഉദയ്‌പ്പുരിലേക്ക്‌ ട്രെയിനിൽ പോകാനുള്ള ഒരുക്കവുമായി രാഹുൽ ഗാന്ധി. മറ്റ്‌ മുതിർന്ന നേതാക്കൾക്കൊപ്പം രാഹുൽ ട്രെയിനിൽ ഉദയ്‌പ്പുരിലേക്ക്‌ പോകണമെന്ന നിർദേശം പ്രവർത്തകസമിതിയിലാണ്‌ ഉയർന്നത്‌. മുതിർന്ന നേതാക്കളടക്കം ഈ ആശയത്തോട്‌ യോജിച്ചു. രണ്ട്‌ പ്രത്യേക കോച്ച്‌ റെയിൽവേയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.     Read on deshabhimani.com

Related News