തെരഞ്ഞെടുപ്പ‌് കമീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന‌് മുൻ ഉദ്യോഗസ്ഥർ



ന്യൂഡൽഹി 17–-ാം ലോക‌്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌്  കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷന്റെ ഇടപെടലുകളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി മുൻ സിവിൽ സർവീസ‌് ഉദ്യോഗസ്ഥർ. തെരഞ്ഞെടുപ്പ‌് കമീഷന്റെ വിശ്വാസ്യത ഏറ്റവും താഴ‌്ന്നനിലയിലേക്ക‌് അധഃപതിച്ചതായി ആശങ്കയുണ്ടെന്ന‌് ഉദ്യോഗസ്ഥർ രാഷ്ട്രപതി രാംനാഥ‌്കോവിന്ദിന‌് നൽകിയ കത്തിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉപഗ്രഹവേധ മിസൈൽ പ്രഖ്യാപനം  ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ‌് കമീഷന്റെ  ഇടപെടലുകൾ ആ സ്ഥാപനത്തിന്റെ പ്രതിച്ഛായക്ക‌് കോട്ടമുണ്ടാക്കി. തെരഞ്ഞെടുപ്പ‌് തീയതികൾ പ്രഖ്യാപിച്ചശേഷം സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ അവസരം നൽകിയത‌് കമീഷന്റെ നിഷ‌്പക്ഷതയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന നടപടിയാണ‌്. തെരഞ്ഞെടുപ്പ‌് അടുത്ത അവസരത്തിൽ നരേന്ദ്ര മോഡിയുടെ ജീവചരിത്രസിനിമ റിലീസ‌് ചെയ്യാൻ ഒരുങ്ങുന്നതും മോഡിയുടെ അപദാനങ്ങൾ വാഴ‌്ത്തുന്ന വെബ‌്സിരീസ‌് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടും തെരഞ്ഞെടുപ്പ‌് കമീഷന്റെ ഭാഗത്ത‌ുനിന്ന‌് കാര്യമായ നടപടിയുണ്ടായിട്ടില്ല. 2019 മാർച്ച‌് 31ന‌് തുടങ്ങിയ ‘നമോ ടിവി’യുടെ കാര്യത്തിലും കമീഷന്റേത‌് ഉദാസീനനിലപാടാണ‌്. പലവിധ അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ‌് ജോലികൾക്ക‌് നിയോഗിച്ചതും ദുരൂഹമാണ‌്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ പലകോണുകളിൽനിന്ന‌് പരാതി ഉയർന്നിട്ടും കമീഷൻ അതൊന്നും പരിഗണിച്ചില്ല. രാജസ്ഥാൻ ഗവർണർ കല്യാൺസിങ്, ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌്, കേന്ദ്രമന്ത്രി മുഖ‌്താർ അബ്ബാസ‌് നഖ‌്‌വി തുടങ്ങിയവർ ഗുരുതരമായ ചട്ടലംഘനം നടത്തിയിട്ടും കമീഷൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല. ആസൂത്രണ കമീഷൻ മുൻ സെക്രട്ടറി  എൻ സി സക‌്സേന, മുൻ ദേശീയ സുരക്ഷാഉപദേഷ്ടാവ‌് ശിവശങ്കർമേനോൻ, ബംഗാൾ മുൻ ചീഫ‌്സെക്രട്ടറി അർധേന്ദുസിങ്, കൽക്കരിവകുപ്പ‌് മുൻ സെക്രട്ടറി അലോക‌് പെർത്തി, ഗുജറാത്ത‌് മുൻ ഡിജിപി പി ജി ജെ നമ്പൂതിരി, ട്രായ‌് മുൻ ചെയർമാൻ രാജീവ‌് ഖുല്ലാർ തുടങ്ങിയവരാണ‌് രാഷ്ട്രപതിക്ക‌് കത്ത‌യച്ചത‌്. Read on deshabhimani.com

Related News