വിമാനം ഇറങ്ങിയവർക്കെല്ലാം കോവിഡ് : സ്വകാര്യ ലാബിനെതിരെ അന്വേഷണം



അമൃത്‌സർ ഇറ്റലിയിൽനിന്ന് പഞ്ചാബിലെ അമൃത്‌സറിൽ കഴിഞ്ഞയാഴ്ച വിമാനമിറങ്ങിയ യാത്രക്കാരിൽ ഭൂരിഭാഗത്തിനും കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ, പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ അന്വേഷണം. പരിശോധനാഫലം ശരിയല്ലെന്ന്‌ പരാതിയുണ്ടായിരുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ലാബിന്റെ സേവനങ്ങൾക്കുപകരം പ്രാദേശിക ലാബിനെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചുമതലപ്പെടുത്തി. ഇറ്റലിയിൽനിന്നുവന്ന യാത്രക്കാർ നൽകിയ പരാതിയെത്തുടർന്നാണ്‌ നടപടിയെന്ന് അധികൃതർ അറിയിച്ചു.‌ വിമാനത്തിൽ കയറുംമുമ്പ്‌ നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നെന്നും മണിക്കൂറുകൾക്കുള്ളിൽ അമൃത്‌സറിൽ എത്തിയപ്പോൾ പോസിറ്റീവാകുന്നത് എങ്ങനെയെന്നും യാത്രക്കാർ ചോദിക്കുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ചിലർ ലാബിനെതിരെ വിമാനത്താവളത്തിൽ പ്രതിഷേധിച്ചിരുന്നു. വ്യാഴാഴ്ച ഇറ്റലിയിലെ മിലാനിൽനിന്ന്‌ ചാർട്ടേഡ് വിമാനത്തിൽ വന്ന 125 യാത്രക്കാർക്കും വെള്ളിയാഴ്ച റോം– അമൃത്‌സർ ചാർട്ടേഡ് വിമാനത്തിൽ വന്ന 173 യാത്രക്കാർക്കുമാണ്‌ കൂട്ടമായി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. Read on deshabhimani.com

Related News