മാധ്യമങ്ങളെ പണമൊഴുക്കി പാട്ടിലാക്കി ബിജെപി ; ഇടപെടാതെ തെരഞ്ഞെടുപ്പ്‌ കമീഷൻ



അഗർത്തല ത്രിപുരയിൽ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ട ബിജെപി ഒരുവിഭാഗം  മാധ്യമങ്ങളെ ഉപയോഗിച്ച്‌ തെറ്റിദ്ധാരണപരത്താനുള്ള തീവ്രശ്രമത്തില്‍. സംസ്ഥാനം ബിജെപിക്ക് അനുകൂലമെന്ന് വരുത്തിതീര്‍ക്കാന്‍ ലജ്ജാകരമായ ഇടപെടലാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. പുതുതായി വന്ന പ്രാദേശിക ചാനൽ തെരഞ്ഞെടുപ്പ്‌ പ്രവചന വിദഗ്‌ധരെന്ന പേരിൽ രണ്ടുപേരെ അവതരിപ്പിച്ച് ബിജെപിക്കാണ്‌ മുൻതൂക്കമെന്ന്‌ പറയിപ്പിച്ചു. ഇതിനായി വൻതോതിൽ പണമൊഴുക്കിയെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പ്‌ കമീഷൻ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രം ‘ദൈനിക്‌ സംവാദ്‌’, അതിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ ‘നോർത്ത്‌ ഈസ്റ്റ്‌ കളേഴ്‌സ്‌’ എന്നിവ സർവസീമയും ലംഘിച്ച്‌ ബിജെപിക്ക് വിടുപണി ചെയ്യുന്നു. ബിജെപിക്കാരുടെ ഏകപക്ഷീയ കടന്നാക്രമണങ്ങളെ ‘സംഘർഷ’മായി ചിത്രീകരിക്കുന്നു.  എതിരാളികളില്ലാത്ത അവസ്ഥയിലാണ്‌ ബിജെപിയെന്ന്‌  ബുധനാഴ്‌ച ‘നോർത്ത്‌ ഈസ്റ്റ്‌ കളേഴ്‌സ്‌’ പ്രധാന വാർത്ത നൽകി. മറ്റു ചില പത്രങ്ങൾ സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ മാത്രമാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. ബിജെപിയുടെ മുൻ മുഖ്യമന്ത്രി ബിപ്ലവ്‌കുമാർ ദേബിനും നിലവിലെ മുഖ്യമന്ത്രി മണിക്‌ സാഹയ്‌ക്കും ബിജെപി പ്രവർത്തകരിൽപ്പോലും ആവേശം സൃഷ്ടിക്കാനാകുന്നില്ല. ഇത്‌ മറികടക്കാൻ കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, രാജ്‌നാഥ്‌സിങ്‌, സർബാനന്ദ്‌ സോണോവാൾ, പ്രതിമ ഭൗമിക്‌, മുഖ്യമന്ത്രിമാരായ ഹിമന്ത ബിസ്വ സർമ, ആദിത്യനാഥ്‌, ബിജെപി ദേശീയ പ്രസിഡന്റ്‌ ജെ പി നദ്ദ തുടങ്ങിയവർ തമ്പടിച്ച്‌ പ്രചാരണം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച പ്രചാരണത്തിനെത്തും.   ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനത്തെയും മാധ്യമങ്ങൾ അതിശയോക്തിപരമായി പ്രചരിപ്പിക്കുന്നുണ്ട്‌. Read on deshabhimani.com

Related News