ആം ആദ്‌മി ദേശീയ പാർടി പദവിയിലേക്ക്‌



ന്യൂഡൽഹി ഗുജറാത്ത്‌ തെരഞ്ഞെടുപ്പിൽ അവകാശപ്പെട്ട നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ആം ആദ്‌മിക്ക്‌ ദേശീയ പാർടി പദവി ലഭിച്ചേക്കും. ദേശീയ പാർടി പദവി ലഭിക്കാൻ നിലവിൽ രണ്ടു മാനദണ്ഡമാണുള്ളത്‌. ആദ്യ മാനദണ്ഡപ്രകാരം ചുരുങ്ങിയത്‌ മൂന്നു സംസ്ഥാനത്ത്‌ 11 ലോക്‌സഭാ സീറ്റ്‌ ജയിക്കണം. എന്നാൽ, ആം ആദ്‌മിക്ക്‌  ഇപ്പോൾ ലോക്‌സഭാംഗങ്ങളില്ല. രണ്ടാം മാനദണ്ഡപ്രകാരം നാലു സംസ്ഥാനത്തെങ്കിലും സംസ്ഥാന പാർടി പദവി ലഭിക്കണം. ഡൽഹിയിലും പഞ്ചാബിലും എഎപിയാണ്‌ അധികാരത്തിൽ. ഗോവയിൽ സംസ്ഥാന പാർടി പദവിയുമുണ്ട്‌. സംസ്ഥാന പാർടി പദവിക്ക്‌, നിയമസഭാ തെരഞ്ഞെടുപ്പിൽ ആറു ശതമാനം വോട്ടോ രണ്ടു സീറ്റോ നേടണം. ആറു ശതമാനം വോട്ട്‌ നേടാനായില്ലെങ്കിൽ മൂന്നു സീറ്റിൽ ജയിക്കണം. ഗുജറാത്തിൽ അഞ്ചു സീറ്റും 13 ശതമാനം വോട്ടും ലഭിച്ചതിനാൽ സംസ്ഥാന പാർടി പദവി ലഭിച്ചേക്കും. ഗുജറാത്ത്‌ ഫലത്തോടെ രണ്ടാം മാനദണ്ഡപ്രകാരം എഎപിക്ക്‌ ദേശീയ പാർടി പദവി ലഭിച്ചേക്കും. ആം ആദ്‌മിക്ക്‌ ദേശീയ പാർടി പദവി ഉറപ്പായെന്ന്‌ ഡൽഹി ഉപമുഖ്യമന്ത്രിയും പാർടി നേതാവുമായ മനീഷ്‌ സിസോദിയ പ്രതികരിച്ചു. Read on deshabhimani.com

Related News