അന്തർസംസ്ഥാന സഹകരണ 
സൊസൈറ്റി ഭേദഗതി ബിൽ ലോക്‌സഭയിൽ ; പ്രതിപക്ഷം എതിർത്തു



ന്യൂഡൽഹി ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികളെ പൂർണമായും നിയന്ത്രണത്തിലാക്കുന്ന ബില്ല്‌ പ്രതിപക്ഷ എംപിമാരുടെ എതിർപ്പിനിടെ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതാണ്‌ ബില്ലെന്ന്‌ അവതരണ വേളയിൽ സഹകരണ സഹമന്ത്രി ബി എൽ വർമ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതാണ്‌ ബില്ലെന്നും സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിടണമെന്നും പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ ഉറപ്പുനൽകിയില്ല. സുപ്രീംകോടതി വിധികൾക്കും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമാണ്‌ ബില്ലിലെ വ്യവസ്ഥകളെന്ന്‌ അവതരണത്തെ എതിർത്ത്‌ സിപിഐ എം അംഗം എ എം ആരിഫ്‌ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുമായി കൂടിയാലോചിട്ടില്ല. ബില്ല്‌ ഭരണഘടനാ വ്യവസ്ഥകൾക്ക്‌ വിരുദ്ധമാണ്‌. സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിടണം–- ആരിഫ്‌ ആവശ്യപ്പെട്ടു. മനീഷ്‌ തിവാരി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവരും എതിർത്തു. അംഗങ്ങളിൽ മൂന്നിൽ രണ്ടിന്റെ പിന്തുണയോടെ ഏത്‌ സഹകരണസ്ഥാപനത്തിനും അന്തർസംസ്ഥാന സഹകരണസ്ഥാപനങ്ങളിൽ ലയിക്കാമെന്ന ബില്ലിലെ ആറാം വകുപ്പിനെയാണ്‌ പ്രതിപക്ഷ അംഗങ്ങൾ മുഖ്യമായും എതിർത്തത്‌. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കേന്ദ്രഇടപെടലിന്‌ വഴിയൊരുക്കുന്നതാണ്‌ വ്യവസ്ഥയെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. അന്തർസംസ്ഥാന സഹകരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്‌ നടത്തിപ്പിന്‌ കേന്ദ്രം നിയമിക്കുന്ന സഹകരണ തെരഞ്ഞെടുപ്പ്‌ അതോറിറ്റി, പ്രതിസന്ധി നേരിടുന്ന സഹകരണസ്ഥാപനങ്ങളെ സഹായിക്കാൻ പ്രത്യേക സഹകരണ പുനരധിവാസ–- പുനർനിർമാണ വികസന നിധി തുടങ്ങിയ വകുപ്പുകളെയും പ്രതിപക്ഷം എതിർത്തു. Read on deshabhimani.com

Related News