ഡൽഹി കോർപറേഷൻ പിടിച്ച‍് എഎപി ; തകർന്നടിഞ്ഞ്‌ കോൺഗ്രസ്‌



ന്യൂഡൽഹി > ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞ്‌ കോൺഗ്രസ്‌. ആകെയുള്ള 250ൽ ഒമ്പത്‌ വാർഡിലേക്ക്‌ കോൺഗ്രസ്‌ ഒതുങ്ങി. 2017ലെ തെരഞ്ഞെടുപ്പിൽ 30 വാർഡിൽ ജയിച്ചിരുന്നിടത്താണ്‌ കോൺഗ്രസിന്റെ സമ്പൂർണ തകർച്ച. വോട്ടുനിലയും ഗണ്യമായി ഇടിഞ്ഞു, 11.68 ശതമാനം. 2017ൽ 21 ശതമാനം വോട്ടു നേടിയിരുന്നിടത്താണിത്‌. കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പിലും കോൺഗ്രസ്‌ ജയിച്ച സീതാറാം ബസാർപോലുള്ള വാർഡുകൾ എഎപിക്ക്‌ അടിയറ വച്ചു. ഡൽഹി ഗേറ്റ്‌, ജമാ മസ്‌ജിദ്‌, ദരിയാഗഞ്ച്‌ വാർഡുകളും എഎപി പിടിച്ചെടുത്തു. വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്‌തഫാബാദ്‌,  തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആയാനഗർ, തെക്കുകിഴക്കൻ ഡൽഹിയിലെ സാക്കിർനഗർ വാർഡുകൾ നിലനിർത്താനായത്‌ മാത്രമാണ്‌ ആശ്വാസജയം. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ അവസാനമായി ജയിച്ചത്‌ 2002ലാണ്‌. തുടർന്നുള്ള മൂന്ന്‌ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു. 28 സീറ്റോടെ എഎപി അപ്രതീക്ഷിത മുന്നേറ്റം നടത്തിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവിയോടെ കോൺഗ്രസിനെ ഡൽഹി പൂർണമായും കൈവിട്ടു. 2015, 2020 നിയമസഭാ തെരഞ്ഞെടുപ്പുകളിലാകട്ടെ ഒരു സീറ്റിൽപ്പോലും ജയിക്കാനായില്ല.  2014, 2019 പാർലമെന്റ്‌ തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിലും ജയിച്ചില്ല. മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ഡൽഹിയിൽ തിരിച്ചുവരവെന്ന കോൺഗ്രസ്‌ സ്വപ്‌നം എന്നന്നേക്കുമായി പൊലിഞ്ഞു. Read on deshabhimani.com

Related News