സാ​ക്ഷികളുടെ പേര് മറന്നേക്കൂ, അതെല്ലാം രഹസ്യം ; ഡല്‍ഹികലാപത്തില്‍ പൊലീസ്



ന്യൂഡൽഹി ഡൽഹി കലാപക്കേസിലെ സാക്ഷികളായി നേരത്തെ വെളിപ്പെടുത്തിയ 15 പേരുകള്‍‌ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന്‌ പൊലീസ്‌. കുറ്റപത്രത്തിന്റെ അന്തിമറിപ്പോർട്ടിൽ ഈ പേരുകൾക്ക്‌ പകരം സൂചനകള്‍ മാത്രം. സാക്ഷികൾ ഭീഷണി നേരിടുന്നതിനാല്‍‌ പേരുകൾ രഹസ്യമാക്കുന്നുവെന്നാണ് ന്യായം. നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതിനോടകം പുറത്തുവന്നതിനാല്‍ അവയില്‍ ഈ പേരുകള്‍ വ്യക്തമാണ്. പൊലീസ്‌ അന്വേഷണത്തിലെ ജാഗ്രതക്കുറവ് വെളിപ്പെടുത്തുന്ന സംഭവമാണിത്. ക്രിമിനൽ നിയമ നടപടിക്രമത്തിലെ 161, 164 വകുപ്പുകൾ പ്രകാരം അടക്കം മൊഴി നൽകിയവരുടെ പേരുകളാണ്‌ പൊലീസ്‌ 17,000 പേജ്‌ വരുന്ന വിപുലമായ കുറ്റപത്രത്തിൽ വെളിപ്പെടുത്തിയത്‌. താൽപര്യമുള്ളവർ ഇതിന്റെ കോപ്പികൾ എടുക്കുകയും ചെയ്‌തു‌. സാക്ഷികളും പ്രതികളും ഒരേ സ്ഥലത്ത്‌ താമസിക്കുകയോ ജോലിയെടുക്കുന്നവരോ ആണെന്നും സുരക്ഷാപ്രശ്‌നമുണ്ടെന്നും പൊലീസ്‌ ഇപ്പോള്‍ പറയുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയ കൂടുതൽപേരെ കണ്ടെത്താനുണ്ടെന്നും പൊലീസ്‌ അവകാശപ്പെട്ടു. ഗൂഢാലോചനക്കേസിൽ 14 പേരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. Read on deshabhimani.com

Related News