കർഷകരെ അടിച്ചോടിച്ച്‌ പൊലീസ്‌



ന്യൂഡൽഹി കർഷകദ്രോഹ ബില്ലുകൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന ഹരിയാനയിൽ കർഷകർക്കെതിരെ പൊലീസ്‌ അതിക്രമം. ഉപമുഖ്യമന്ത്രി ദുഷ്യന്ത്‌ ചൗതാല, മന്ത്രി രഞ്ജിത്‌ സിങ്‌ എന്നിവരുടെ സിർസയിലെ വീട്ടിലേക്ക് പ്രകടനമായെത്തിയ കര്‍ഷകരെ പൊലീസ്‌ ലാത്തിവീശി.  നിവേദനം സമർപ്പിക്കാനെത്തിയവരെയാണ്‌  അടിച്ചോടിച്ചത്.  അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–- ഓർഡിനേഷൻ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ  സിർസയിൽ ഉപരോധം സംഘടിപ്പിച്ചു. കർഷകവിരുദ്ധ നിയമങ്ങള്‍ തള്ളിപ്പറഞ്ഞ്‌ ജെജെപിയും ദുഷ്യന്ത്‌ ചൗതാലയും ബിജെപി സഖ്യം വിടണമെന്ന്‌ കർഷകർ ആവശ്യപ്പെട്ടു. അഖിലേന്ത്യാ കിസാൻസഭ ഹരിയാന സംസ്ഥാന പ്രസിഡന്റ്‌ ഫൂൽസിങ്,‌ സെക്രട്ടറി സുമിത്‌ തുടങ്ങിയവർ സംസാരിച്ചു. അമൃത്‌സറിൽ കർഷകരുടെ റെയിൽ ഉപരോധം 12–-ാം ദിവസം പിന്നിട്ടു. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. രാഹുലിനെ തടഞ്ഞു ട്രാക്ടര്‍ റാലിയുമായി പഞ്ചാബില്‍നിന്ന്‌ ഹരിയാനയിലെത്തിയ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെ സംസ്ഥാന അതിര്‍ത്തിയില്‍ തടഞ്ഞു. രാഹുലിനെയും നേതാക്കളെയുംമാത്രം പിന്നീട്‌ കടത്തിവിട്ടു. കുരുക്ഷേത്ര ജില്ലയിലെ പ്രതിഷേധ പരിപാടികളിൽ രാഹുൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ്‌ ഹൂഡ അടക്കമുള്ള നേതാക്കൾ അതിർത്തിയിലെത്തി രാഹുലിനെ അനുഗമിച്ചു. Read on deshabhimani.com

Related News