ബിഹാറിൽ എൻഡിഎ പിളർപ്പിലേക്ക്‌



ന്യൂഡൽഹി ബിഹാറിൽ നിയമസഭാതെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ എൻഡിഎ അനിവാര്യമായ പിളർപ്പിലേക്ക്‌. നിതീഷ്‌കുമാറിന്റെ നേതൃത്വം അംഗീകരിക്കാത്തവർക്ക്‌ എൻഡിഎയിൽ സ്ഥാനമുണ്ടാകില്ലെന്ന്‌ ബിജെപി പ്രഖ്യാപിച്ചു. ഒരുകാരണവശാലും നിതീഷിനെ അംഗീകരിക്കില്ലെന്ന്‌ അറിയിച്ച ലോക്‌ ജനശക്തി പാർടി (എൽജെപി)ക്കുള്ള അവസാന താക്കീതാണ്‌ ഇതെന്ന്‌ ജെഡിയു വ്യക്തമാക്കി. തെരഞ്ഞെടുപ്പ്‌ കഴിയുമ്പോൾ ജെഡിയുവിനുള്ള മറുപടി ലഭിക്കുമെന്ന്‌  എൽജെപി പ്രതികരിച്ചു. പടലപ്പിണക്കത്തിനിടെ എൻഡിഎ സീറ്റ്‌ വിഭജനം പൂർത്തിയാക്കി. ജെഡിയു 122 സീറ്റിലും ബിജെപി 121 സീറ്റിലും മത്സരിക്കും. ജെഡിയു ക്വോട്ടയിൽനിന്ന്‌ ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്‌ക്ക്‌ (എച്ച്‌എഎം) ഏഴ്‌ സീറ്റ്‌ നൽകും. ബിജെപി ക്വോട്ടയിൽനിന്ന്‌ വികാസ്‌ ശീൽ ഇൻസാൻ പാർടിക്ക്‌ (വിഐപി) ആറ്‌ സീറ്റ്‌ നൽകും. സീറ്റ്‌ വിഭജനത്തിന്‌ മണിക്കൂറുകൾക്കുമുമ്പ്‌ ബിജെപി വൈസ്‌ പ്രസിഡന്റ്‌ രാജേന്ദ്രസിങ് എൽജെപിയിൽ ചേർന്നു. നിതീഷ്‌ കുമാറിന്റെ നേതൃത്വം അംഗീകരിക്കാത്തവർക്ക്‌ മുന്നണിയിൽ ഇടമില്ലെന്നും ബിജെപി ബിഹാർ അധ്യക്ഷൻ സഞ്‌ജയ്‌ജെയ്‌സ്വാൾ പ്രതികരിച്ചു. ബിജെപി, എൽജെപി സഖ്യമായിരിക്കും അധികാരത്തിൽ എത്തുകയെന്ന്‌ എൽജെപി പ്രസിഡന്റ്‌ ചിരാഗ്‌ പസ്വാൻ അവകാശപ്പെട്ടു. ഒറ്റയ്‌ക്ക്‌ മത്സരിക്കാനുള്ള എൽജെപിയുടെ തീരുമാനം  ജെഡിയുവിന്‌ ശക്തമായ തിരിച്ചടിയാകും. ജെഡിയു വലിയ ഒറ്റക്കക്ഷിയാകുന്നത്‌ തടയാനുള്ള ബിജെപിയുടെ ചരടുവലിയായാണ്‌ എൽജെപി ഒറ്റയ്‌ക്ക്‌ മത്സരിക്കുന്നതെന്ന്‌  ചില രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News