അദാനി ഓഹരി തട്ടിപ്പ്‌ ; മൂന്നാം ദിവസവും സ്‌തംഭിച്ച്‌ പാർലമെന്റ്‌



ന്യൂഡൽഹി അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണി തട്ടിപ്പ്‌ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണത്തിന്‌ വിടണമെന്ന്‌ ആവശ്യപ്പെട്ട്‌ പാർലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷ പാർടികൾ പ്രതിഷേധിച്ചു. തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ്‌ പൂർണമായും സ്‌തംഭിച്ചു. പ്രതിപക്ഷ പാർടികളുടെ ഒറ്റക്കെട്ടായ പ്രതിഷേധം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്കും ഗൗതം അദാനിയുമായുള്ള അടുത്ത സൗഹൃദവും ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷത്തിന്റെ രോഷപ്രകടനം. ഇരുവരും പാർലമെന്റില്‍ എത്തിയില്ല. അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നിൽ തിങ്കളാഴ്‌ച രാവിലെ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ്‌ ലോക്‌സഭാ നേതാവ്‌ അധിർരഞ്‌ജൻ ചൗധുരി, സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം തുടങ്ങിയവർ നേതൃത്വം നൽകി. തൃണമൂൽ, എഎപി, ബിആർഎസ്‌ തുടങ്ങിയ രാഷ്ട്രീയ പാർടികളും  അണിനിരന്നു. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിൽ യോഗം ചേർന്ന പ്രതിപക്ഷ പാർടി നേതാക്കൾ ഇരുസഭയിലും വിഷയം ഉയർത്താൻ ധാരണയായി. ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന ആവശ്യമാണ്‌ പ്രതിപക്ഷം മുന്നോട്ടുവച്ചത്‌. ചർച്ച ആവശ്യപ്പെട്ട്‌ എളമരം കരീം അടക്കം പ്രതിപക്ഷ എംപിമാർ നൽകിയ നോട്ടീസുകൾ നിരാകരിക്കപ്പെട്ടതോടെ ഇരുസഭയും പ്രക്ഷുബ്‌ദമായി. പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി. ഇരുസഭയും ആദ്യം രണ്ടുവരെ നിർത്തി. പിന്നീട്‌ ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതിനാൽ ചൊവ്വാഴ്‌ച ചേരാനായി പിരിഞ്ഞു. Read on deshabhimani.com

Related News