രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‌ മാസങ്ങൾ മാത്രം ; ബിജെപിയെ വിട്ട് പ്രാദേശിക പാർടികള്‍



  ന്യൂഡൽഹി രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ തെലങ്കാന രാഷ്ട്രസമിതി, ബിജു ജനതാദൾ തുടങ്ങിയ പാർടികളുടെ അകൽച്ച ബിജെപിക്ക്‌ തലവേദന. ശിവസേനയും അകാലിദളും വിട്ടുപോയതിനു പിന്നാലെയാണിത്. ഒഡിഷയിൽ ഭരണകക്ഷിയായ ബിജെഡിയുടെ മുഖ്യഎതിരാളി ബിജെപിയാണ്‌. ശീതകാല സമ്മേളനത്തിൽ മോദി സർക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ ബിജെഡിയും ഒപ്പമുണ്ടായി. മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്ക്‌ വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസൻസ്‌ കേന്ദ്രം നിഷേധിച്ചതിന്‌ പിന്നാലെ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ സഹായം അനുവദിച്ചതും ബിജെപിക്കുള്ള കൃത്യമായ സൂചനയാണ്‌. ശീതകാല സമ്മേളനത്തിൽ നെല്ല്‌ സംഭരണവിഷയം ഉയർത്തി ടിആർഎസ്‌ തുടർച്ചയായി പാർലമെന്റ്‌ സ്‌തംഭിപ്പിച്ചു. തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്‌ജയിനെ അടുത്തിടെ സംസ്ഥാന പൊലീസ്‌ അറസ്‌റ്റു ചെയ്‌തതും ഇരുപാർടിയുമായുള്ള അകൽച്ചയ്‌ക്ക്‌ ആക്കം കൂട്ടി. എഴുപത്തഞ്ച്‌ രാജ്യസഭാ സീറ്റിലേക്കും ഈ വർഷം തെരഞ്ഞെടുപ്പുണ്ട്‌. യുപി, ഗുജറാത്ത്‌ തുടങ്ങി ഏഴ്‌ സംസ്ഥാനത്തും തെരഞ്ഞെടുപ്പുമുണ്ട്‌. സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും കൂട്ടുകക്ഷികളുടെ അകൽച്ചയും  ബിജെപിക്ക്‌ പ്രതിസന്ധിയാകുകയാണ്‌. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും.   Read on deshabhimani.com

Related News