റിപ്പോനിരക്ക്‌ വർധന : നിക്ഷേപവും വളർച്ചയും ഇടിയും



ന്യൂഡൽഹി പണപ്പെരുപ്പം നിയന്ത്രണാതീതമായ സാഹചര്യത്തിൽ റിസർവ്‌ ബാങ്ക്‌ റിപ്പോനിരക്ക്‌ ഉയർത്തിയത്‌ സാധാരണക്കാർക്ക്‌ കൂടുതൽ തിരിച്ചടിയാകും. വായ്‌പകളിന്മേലുള്ള പലിശഭാരം വർധിക്കുകയും പുതിയ വായ്‌പകളോട്‌ താൽപ്പര്യം കുറയുകയും ചെയ്യും. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയെയും ഇത്‌ പ്രതികൂലമായി ബാധിക്കും. കരുതൽനിക്ഷേപ അനുപാതം 4.5 ശതമാനമായി ഉയർത്തിയതോടെ 87,000 കോടി രൂപയാണ്‌ വിപണിയിൽനിന്ന്‌ പിൻവലിയുക.ഇതുവഴി നിക്ഷേപത്തിൽ ഇടിവുണ്ടാകുകയും വളർച്ച കുറയുകയും ചെയ്യും.പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയായി നിർത്തണമെന്ന്‌ റിസർവ്‌ ബാങ്ക്‌ സർക്കാരിന്‌ മുന്നറിയിപ്പുനൽകിയിരുന്നു. കുറച്ചുകാലമായി ആറു ശതമാനത്തിലേറെയായി തുടർന്ന പണപ്പെരുപ്പം മാർച്ചിൽ 6.95 ശതമാനത്തിൽ എത്തിയതോടെയാണ്‌ റിസർവ്‌ ബാങ്ക്‌ അടിയന്തരനടപടി സ്വീകരിച്ചത്‌. റിസർവ്‌ ബാങ്ക്‌ നടപടി അപ്രതീക്ഷിതമാണെന്നും റഷ്യ–-ഉക്രയ്‌ൻ സംഘർഷമാണ്‌ പണപ്പെരുപ്പം രൂക്ഷമാക്കിയതെന്നും കേന്ദ്ര സർക്കാർ പ്രചരിപ്പിക്കുന്നു. എന്നാൽ, രാജ്യത്തിന്റെ സമ്പദ്‌ഘടനയെ  വസ്‌തുനിഷ്‌ഠമായി നിരീക്ഷിച്ചാൽ ഈ വാദം അടിസ്ഥാനമില്ലാത്തതാണെന്ന്‌ ബോധ്യമാകും. അമിതമായ ഇന്ധനവിലയാണ്‌ രാജ്യത്ത്‌ പണപ്പെരുപ്പനിരക്ക്‌ വഷളാകാൻ മുഖ്യകാരണം. റഷ്യ–-ഉക്രയ്‌ൻ സംഘർഷത്തോടെ ഇന്ധനവില ദൈനംദിനം വർധിപ്പിക്കുന്നത്‌ ത്വരിതഗതിയിലായെങ്കിലും ഉയർന്ന എക്‌സൈസ്‌ തീരുവകൾ ചുമത്തിയിട്ടുള്ളതിനാൽ രാജ്യത്ത്‌ ഇന്ധനവില മുമ്പേ ഉയർന്ന തോതിലായിരുന്നു. വർധിപ്പിച്ച തീരുവകൾ പിൻവലിക്കണമെന്ന ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ല. ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനും നടപടിയെടുത്തില്ല. ഭക്ഷ്യപണപ്പെരുപ്പവും പൊതുവിലക്കയറ്റവും രൂക്ഷമായാൽ റിസർവ്‌ ബാങ്ക്‌ ഇടപെടൽ ഉണ്ടാകുമെന്നത്‌ ഉറപ്പാണ്‌. ആഗോളവിപണിയിൽ എണ്ണവില കുറഞ്ഞുനിന്നപ്പോൾ തീരുവകൾവഴി സർക്കാർ ജനങ്ങളെ കൊള്ളയടിച്ചതിന്റെ ഫലംകൂടിയാണ്‌ നിലവിലെ സ്ഥിതി.   Read on deshabhimani.com

Related News