ഗോതമ്പ്‌ സംഭരണം കേന്ദ്രം വെട്ടിക്കുറച്ചു ; രാജ്യം ഭക്ഷ്യപ്രതിസന്ധിയിലേക്ക്‌



ന്യൂഡൽഹി വിലക്കയറ്റവും തൊഴിലില്ലായ്‌മയും രൂക്ഷമായിരിക്കെ ഭക്ഷ്യസുരക്ഷയിലും രാജ്യം പ്രതിസന്ധിയിലേക്ക്‌. കടുത്ത ചൂടിൽ ഗോതമ്പ്‌ ഉൽപ്പാദനത്തിലുണ്ടായ കുറവും പൊതുസംഭരണത്തിൽനിന്നുള്ള സർക്കാർ പിൻമാറ്റവും ഉക്രയ്‌ൻ യുദ്ധ പശ്‌ചാത്തലത്തിൽ ധാന്യക്കയറ്റുമതിക്ക്‌ ഊന്നൽ നൽകുന്നതുമാണ് പ്രതിസന്ധിക്ക്‌ വഴിയൊരുക്കുന്നത്‌. പ്രധാനമന്ത്രി ഗരീബ്‌കല്യാൺ അന്ന യോജന പ്രകാരം (പിഎംജികെഎവൈ) കേരളമടക്കം മൂന്ന്‌ സംസ്ഥാനങ്ങൾക്ക്‌ നൽകേണ്ട ഗോതമ്പ്‌ വിഹിതം സെപ്‌തംബർവരെ പൂർണമായും എടുത്തുകളഞ്ഞു. ഡൽഹി, ഗുജറാത്ത്‌, മഹാരാഷ്ട്ര, ബംഗാൾ തുടങ്ങി എട്ട്‌ സംസ്ഥാനങ്ങളുടെ ഗോതമ്പ്‌ വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. പകരം അരി നൽകുമെന്നാണ്‌ വാഗ്‌ദാനം. നടപ്പു സാമ്പത്തികവർഷം ഗോതമ്പ്‌ സംഭരണം പകുതിയായി കുറയുമെന്ന്‌ ഭക്ഷ്യ സെക്രട്ടറി സുധാൻശു പാണ്ഡെ അറിയിച്ചു. 1.95 കോടി ടൺ ഗോതമ്പ്‌ മാത്രമാകും 2022–-23ൽ സംഭരിക്കുക. മുൻ വർഷം 4.33 കോടി ടൺ സംഭരിച്ചിരുന്നു. കുറവ്‌ 2.38 കോടി ടൺ. പഞ്ചാബിലെ സംഭരണം വ്യാഴാഴ്‌ചയോടെ സർക്കാർ അവസാനിപ്പിച്ചു. 1.62 കോടി ടൺ ഗോതമ്പാണ്‌ മെയ്‌ ഒന്നുവരെ സർക്കാർ സംഭരിച്ചിരിക്കുന്നത്‌.  മാർച്ച്‌–- ഏപ്രിലിലെ കൊടുംചൂടിൽ ഉൽപ്പാദനം കുറഞ്ഞ്‌ മണ്ഡികളിൽ ഗോതമ്പ്‌ എത്താത്തതിനാൽ സംഭരണം നിർത്തുന്നെന്നാണ്‌ ഭക്ഷ്യസെക്രട്ടറി പറയുന്നത്‌. എന്നാൽ, കൂടുതൽ കയറ്റുമതിയെന്ന ലക്ഷ്യവും സർക്കാർ പിൻവാങ്ങലിന്‌ പിന്നിലുണ്ട്‌. സർക്കാരിന്റെ വിവിധ ഭക്ഷ്യപദ്ധതികളിലൂടെ കഴിഞ്ഞ വർഷം 4.46 കോടി ടൺ ഗോതമ്പ്‌ വിതരണം ചെയ്‌തിരുന്നു. നടപ്പുവർഷം ഇത്‌ 3.05 കോടി ടണ്ണായി കുറയും. കരുതൽ ശേഖരം 80 ലക്ഷം ടണ്ണിലേക്ക്‌ ചുരുങ്ങുമെന്നും കണക്കുകൾ പറയുന്നു. സ്വകാര്യ കച്ചവടക്കാർക്ക്‌ നേട്ടമാകുംവിധം കയറ്റുമതിക്ക്‌ സർക്കാർ ഊന്നൽ നൽകുന്നത്‌ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നാണ്‌ വിഗദ്‌ധർ ചൂണ്ടിക്കാട്ടുന്നത്‌.  2006–-07ലും സമാനമായ പ്രതിസന്ധിയുണ്ടായിരുന്നു. അന്ന്‌ മിനിമം താങ്ങുവിലയുടെ ഇരട്ടി വിലയ്‌ക്ക്‌ 55 ലക്ഷം ടൺ ഗോതമ്പ്‌ ഇറക്കേണ്ടതായി വന്നു.   Read on deshabhimani.com

Related News