കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയും



ന്യൂഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നില്‍ക്കണ്ട്,  പുതിയ അംഗങ്ങളെ തിരുകിക്കയറ്റി ഈ മാസം 15നകം കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയും. ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരുടെ ചുമതലകളിലും മാറ്റംവരും. ജ്യോതിരാദിത്യ സിന്ധ്യയും വടക്കുകിഴക്കൻ എൻഡിഎ കൺവീനർ ഹിമന്ത ബിസ്വ ശർമയും മന്ത്രിസഭയിലെത്തും. ഇരുവരും കോൺഗ്രസിൽനിന്ന്‌ വന്നവരാണ്‌. സിന്ധ്യ മധ്യപ്രദേശിൽ തുടരുന്നതിനോട് മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന് താൽപ്പര്യമില്ല. അസമിൽ കോൺഗ്രസ്‌ നിയമസഭകക്ഷി അപ്പാടെ പിളർത്തി ബിജെപിയെ അധികാരത്തിലേക്ക്‌ നയിച്ചത്‌ ശർമയാണ്‌. ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ ഭൂപീന്ദർ യാദവ്‌, അനിൽ ജയിൻ, അനിൽ ബലൂണി എന്നിവരിൽ ആരെങ്കിലും മന്ത്രിസഭയിലെത്തും. മണിപ്പുരില്‍നിന്ന്‌ ലീഷെംബാ സനജ്വാബയെ മന്ത്രിസഭയിൽ കൊണ്ടുവന്നേക്കും. ബിജെപിക്ക്‌ പുറത്തുള്ള ചിലര്‍ക്കും നറുക്ക് വീണേക്കാം. നിർമല സീതാരാമനുപകരം ബാങ്കിങ്‌ മേഖലയിലെ പ്രമുഖൻ ധനമന്ത്രിയാകുമെന്നാണ്‌ റിപ്പോർട്ട്. ബിഹാർ തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ ജെഡിയുവിന്‌ പ്രാതിനിധ്യം നൽകും. അസം, പശ്‌ചിമബംഗാൾ, കേരളം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ വരുന്നതും പരി​ഗണനയിൽവരും.നിലവിൽ 57 മന്ത്രിമാരുണ്ട്‌‌. മുൻമന്ത്രിസഭയേക്കാൾ 13 പേർ കുറവ്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയും ആർഎസ്‌എസ്‌ ചുമതലക്കാരുമായി ചർച്ച പൂർത്തിയാക്കി. ആരോപണങ്ങൾ ഉയർന്നതിനാൽ വടക്കുകിഴക്കൻ സംസ്ഥാന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാം മാധവിനെ ചുമതലയിൽനിന്ന്‌ നീക്കിയേക്കും. രാം മാധവിന്റെ സന്നദ്ധസംഘടനയുമായി ബന്ധമുള്ള ഒട്ടേറെപ്പേരെ  വിവിധ സർക്കാർ പദവികളിൽ നിയമിച്ചതായി പരാതിയുണ്ട്. ജെ പി നഡ്ഡ അധ്യക്ഷനായശേഷം ദേശീയ ജനറൽസെക്രട്ടറിമാരുടെ പുനഃസംഘടന നടന്നിട്ടില്ല. Read on deshabhimani.com

Related News