അന്തർവാഹിനി നിര്‍മാണം : പിൻവാങ്ങി ഫ്രാൻസ്‌



ന്യൂഡൽഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‌ തൊട്ടുമുമ്പായി നിർണായകമായ അന്തർവാഹിനി പദ്ധതിയിൽ നിന്നും ഫ്രാൻസ്‌ പിൻമാറി. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി ബുധനാഴ്‌ച പാരീസിൽ എത്താനിരിക്കെയാണ്‌ പി 751 പദ്ധതിയിൽനിന്ന്‌ ഫ്രാൻസ്‌ നേവൽ ഗ്രൂപ്പ്‌ പിൻവാങ്ങിയത്‌. ഫ്രഞ്ച് സർക്കാർ നിയന്ത്രണത്തിലുള്ളതാണ്‌ ഫ്രാൻസ്‌ നേവൽ ഗ്രൂപ്പ്‌. പദ്ധതിയിലെ എയർ ഇൻഡിപെൻഡന്റ്‌ പ്രൊപ്പൽഷൻ സംവിധാനവുമായി ബന്ധപ്പെട്ട ഉപാധികളോടുള്ള വിയോജിപ്പിനെ തുടർന്നാണ്‌ പിൻവാങ്ങൽ. നാവിക സേനയ്‌ക്കായി ആറ്‌ അന്തർവാഹിനികൾ  തദ്ദേശീയമായി  നിർമിക്കുന്നതായിരുന്നു പദ്ധതി. 43,000 കോടി രൂപയുടെ പദ്ധതിക്ക്‌ കഴിഞ്ഞ ജൂണിൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ലാർസൻ ആൻഡ്‌ ടുബ്രോ, പൊതുമേഖലാ സ്ഥാപനമായ മസഗാവ്‌ ഡോക്ക്‌സ്‌ ലിമിറ്റഡ്‌ എന്നീ സ്ഥാപനങ്ങളെയാണ്‌ വിദേശ കമ്പനിയുമായി ചേർന്ന്‌ നിർമാണത്തിന്‌ തെരഞ്ഞെടുത്തത്‌. ആഭ്യന്തര കമ്പനികളുമായി സഹകരിച്ച്‌ അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി ഫ്രാൻസ്‌ നേവൽ ഗ്രൂപ്പ്‌ അടക്കം അഞ്ച്‌ കമ്പനികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കടലിനടിയിൽ അതിവേഗത്തിൽ ദീർഘനേരം സഞ്ചരിക്കാൻ അന്തർവാഹിനികളെ സഹായിക്കുന്നത്‌ എയർ പ്രൊപ്പൽഷനാണ്‌. പദ്ധതി നിർദേശത്തിലെ ചില ഉപാധി കാരണം അഭ്യർഥന മുന്നോട്ടുവയ്‌ക്കാൻ ഇന്ത്യൻ കമ്പനികൾക്ക്‌ കഴിഞ്ഞില്ലെന്നും അതിനാൽ ടെൻഡർ നൽകിയില്ലെന്നും നേവൽ ഗ്രൂപ്പ്‌ എം ഡി ലോറന്റ വിഡിയൊ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. മറ്റുചില വിദേശ കമ്പനികളും ടെൻഡർ നൽകിയില്ലെന്നും അദ്ദേഹം അറിയിച്ചു.   Read on deshabhimani.com

Related News