തലാഖ്‌ ചൊല്ലിയ ഭാര്യക്ക്‌ ജീവനാംശം നൽകാൻ ഭർത്താവിന്‌ ബാധ്യതയുണ്ട്‌



കൊച്ചി തലാഖ്‌ ചൊല്ലിയ സമയത്ത്‌ ജീവനാംശം നൽകേണ്ടതില്ലെന്ന്‌ ദമ്പതികൾ കരാറുണ്ടാക്കിയാലും  നിയമപരമായ ജീവനാംശം നൽകുന്നതിൽനിന്ന്‌ ഭർത്താവിന്‌ ഒഴിഞ്ഞുമാറാനാകില്ലെന്ന്‌ ഹൈക്കോടതി. ക്രിമിനൽ നടപടിച്ചട്ടമനുസരിച്ച്‌ ഭാര്യക്ക്‌ നിയമപരമായി ജീവനാംശത്തിന്‌ അർഹതയുണ്ട്‌. ജീവനാംശം നൽകേണ്ടതില്ലെന്ന കരാർ പൊതുതത്വത്തിന്‌ എതിരായതിനാൽ ഭാര്യക്ക്‌ നിയമപരമായ ജീവനാംശം നൽകേണ്ടത്‌ ഭർത്താവിന്റെ ബാധ്യതയാണ്‌. നിയമപ്രകാരം, മുസ്ലിംസ്ത്രീ പുനർവിവാഹം കഴിക്കുന്നതുവരെ ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ജീവനാംശം നൽകാനുള്ള  കുടുംബകോടതി ഉത്തരവിനെതിരെ ഭർത്താവ്‌ നൽകിയ പുനഃപരിശോധനാ ഹർജി ജസ്‌റ്റിസ്‌ എ ബദറുദ്ദീൻ തള്ളി. ജീവനാംശം നൽകില്ലെന്ന്‌ കരാർ ഉണ്ടാക്കിയതിനാൽ തലാഖ്‌ ചൊല്ലിയ ഭാര്യക്ക്‌ അഞ്ചുപവൻ ആഭരണങ്ങളും 2500 രൂപയും നൽകിയിരുന്നുവെന്നും അതിനാൽ നിയമപരമായ ജീവനാംശത്തിന്‌ ഭാര്യക്ക്‌ അവകാശമില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഗൾഫിൽ സൂപ്പർമാർക്കറ്റ്‌ നടത്തുന്ന ഭർത്താവിന്‌ മാസംതോറും 90,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന്‌ എല്ലാ മാസവും 7500 രൂപ ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട്‌ ഭാര്യ തിരൂർ കോടതിയെ സമീപിച്ചു. കോടതി 4500 രൂപ അനുവദിച്ചു. അതിനെതിരെയാണ്‌ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്‌.   Read on deshabhimani.com

Related News