ഐക്യം തകർക്കാമെന്നത്‌ വ്യാമോഹം: കിസാൻസഭ



ന്യൂഡൽഹി സംയുക്ത കിസാൻ മോർച്ചയുടെ ഐക്യം തകർക്കാമെന്നത്‌ കേന്ദ്രസർക്കാരിന്റെ വ്യാമോഹം മാത്രമെന്ന്‌ അഖിലേന്ത്യാ കിസാൻസഭ. മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരിരക്ഷ അടക്കം ആവശ്യങ്ങളില്‍ ചർച്ചവേണമെന്ന ആവശ്യം സർക്കാർ ചെവിക്കൊണ്ടിട്ടില്ല. പകരം, ഓരോ സംഘടനയെയും രഹസ്യമായി സമീപിച്ച്‌ അനൗദ്യോഗിക ചർച്ചയ്‌ക്കാണ്‌ നീക്കം. ഇങ്ങനെ സംയുക്തകിസാൻമോർച്ചയുടെ ഐക്യം തകർക്കാമെന്ന് കരുതേണ്ടെന്ന്  കിസാൻസഭ ജനറൽസെക്രട്ടറി ഹന്നൻ മൊള്ള പറഞ്ഞു. ‘മരിച്ച കർഷകരുടെ എണ്ണമറിയാത്ത കൃഷി മന്ത്രി രാജിവയ്‌ക്കണം’ കർഷകപ്രക്ഷോഭത്തിനിടെ എത്ര കർഷകർക്ക്‌ ജീവൻ നഷ്ടപ്പെട്ടെന്ന്‌ അറിയാത്ത കൃഷിമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ഹന്നൻ മൊള്ള ആവശ്യപ്പെട്ടു. എത്ര കർഷകർ മരിച്ചെന്ന കണക്കില്ലെന്നും നഷ്ടപരിഹാരം നൽകാനാകില്ലെന്നുമാണ്‌ മന്ത്രി പ്രസ്‌താവിച്ചത്‌. കാർഷികനിയമങ്ങൾ നേരത്തേ പിൻവലിച്ചെങ്കില്‍ എഴുനൂറോളം കർഷകർക്ക്‌ ജീവൻ നഷ്ടപ്പെടില്ല. മനുഷ്യത്വത്തിന്റെ കണികയെങ്കിലും ശേഷിക്കുന്നെങ്കിൽ ഇത്തരം പ്രസ്‌താവന മന്ത്രി നടത്തില്ല. മരിച്ച കർഷകരുടെ ആശ്രിതർക്ക്‌ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. കിസാൻസഭ ജോയിന്റ്‌സെക്രട്ടറി വിജൂകൃഷ്‌ണൻ, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News