വിദേശവാണിജ്യ നയം പ്രഖ്യാപിച്ചു ; കുടിശ്ശികയിൽ ഒറ്റത്തവണ തീർപ്പാക്കൽ



ന്യൂഡൽഹി ചരക്ക്‌, സേവന മേഖലകളിലായി രണ്ടായിരത്തിമുപ്പതോടെ രാജ്യത്തിന്റെ കയറ്റുമതി രണ്ടു ലക്ഷം കോടി ഡോളറായി ഉയർത്തുന്നതിനായി കേന്ദ്രം പുതിയ വിദേശവാണിജ്യ നയം പ്രഖ്യാപിച്ചു. നടപ്പുവർഷം കയറ്റുമതി 76,000 കോടി ഡോളറാണ്‌. 2015ൽ പ്രഖ്യാപിച്ച വിദേശവാണിജ്യനയത്തിന്റെ കാലാവധി 2020ൽ അവസാനിച്ചെങ്കിലും മൂന്നു വർഷംകൂടി നീട്ടിയിരുന്നു. ശനിയാഴ്‌ച നിലവിൽ വരുന്ന പുതിയ നയത്തിന്റെ കാലാവധി വ്യക്തമാക്കിയിട്ടില്ല. ആവശ്യം വരുമ്പോൾ നയം പുതുക്കുമെന്ന്‌ വാണിജ്യമന്ത്രി പീയൂഷ്‌ ഗോയൽ പറഞ്ഞു. കയറ്റുമതിക്ക്‌ ആനുകൂല്യങ്ങൾ നൽകുന്ന സമ്പ്രദായത്തിൽനിന്ന്‌ നികുതിയിളവിലേക്ക്‌ നീങ്ങുന്നതാണ്‌ പുതിയ നയത്തിന്റെ കാതലെന്ന്‌ മന്ത്രി അറിയിച്ചു. രൂപ വഴിയുള്ള പണമിടപാട്‌ പ്രോത്സാഹിപ്പിക്കും. സർക്കാരിൽ  തീരുവ കുടിശ്ശിക നിലവിലുള്ള കയറ്റുമതിക്കാർക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. അധിക തീരുവകളിൽ പലിശ ഇളവ്‌ ചെയ്യും. ഇതിനായി അപേക്ഷിക്കാൻ ഓൺലൈൻ പോർട്ടൽ തുറക്കും. സെപ്‌തംബർ 30 വരെ സംവിധാനം തുടരും. തട്ടിപ്പുകളിൽ കേസ്‌ നേരിടുന്നവർക്ക്‌ പദ്ധതി ബാധകമല്ല. Read on deshabhimani.com

Related News