വിവാഹേതരബന്ധം : സൈനികർക്ക്‌ എതിരെ 
അച്ചടക്ക നടപടി ആകാം : സുപ്രീംകോടതി



ന്യൂഡൽഹി വിവാഹേതരബന്ധം ക്രിമിനൽകുറ്റമാക്കിയ 497–-ാം വകുപ്പ്‌ റദ്ദാക്കിയെങ്കിലും അത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സൈനികർക്കും സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അച്ചടക്കനടപടി സ്വീകരിക്കാമെന്ന്‌ സുപ്രീംകോടതി. 158 വർഷം പഴക്കമുള്ള ഐപിസി 497–-ാം വകുപ്പ്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ 2018ല്‍ പ്രവാസി മലയാളി ജോസഫ്‌ ഷൈൻ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ ഉത്തരവിട്ടത്.  വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്ന സൈനികർക്കെതിരെ ആർമി ആക്ട്‌ പ്രകാരം കോർട്ട്‌മാർഷ്യൽ ഉൾപ്പെടെ നടപടികൾക്ക്‌ ഈ ഉത്തരവ്‌ തടസ്സമല്ലെന്നാണ്‌  ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവ്. ആരോപണവിധേയർക്ക്‌ എതിരായ നടപടികൾ ട്രിബ്യൂണലുകൾ നിർത്തിവച്ച സാഹചര്യത്തിലാണ്‌ വ്യക്തത ആവശ്യപ്പെട്ട്‌ പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചത്‌. ജോസഫ്‌ ഷൈൻ കേസിൽ ആർമി ആക്ടിലെ വ്യവസ്ഥകൾ കോടതി പരിഗണിച്ചിട്ടില്ലെന്ന്‌ ഭരണഘടനാബെഞ്ച്‌ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 33–-ാം അനുച്ഛേദപ്രകാരം സൈന്യവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളെ മൗലികാവകാശങ്ങളുടെ പ്രായോഗികപരിധിയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നും നിരീക്ഷിച്ചു. Read on deshabhimani.com

Related News