വിമതർക്ക് സാവകാശം ; അയോഗ്യതാ നോട്ടീസിന്‌ ജൂലൈ 12നുള്ളിൽ 
മറുപടി നൽകിയാൽ മതി



ന്യൂഡൽഹി മഹാരാഷ്ട്രയിലെ വിമത ശിവസേനാ എംഎൽഎമാർക്ക്‌ ഡെപ്യൂട്ടി സ്‌പീക്കറുടെ അയോഗ്യതാ നോട്ടീസിന്‌ മറുപടി നൽകാന്‍ സമയപരിധി നീട്ടിനൽകി സുപ്രീംകോടതി. ജൂലൈ 12 വൈകിട്ട്‌ 5.30നുള്ളിൽ മറുപടി നൽകിയാൽ മതി. 16 എംഎൽഎമാരും തിങ്കൾ വൈകിട്ട്‌ 5.30നുള്ളിൽ നോട്ടീസിന്‌ മറുപടി നൽകണമെന്നായിരുന്നു ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാളിന്റെ നിർദേശം. താൽക്കാലിക ഇടപെടലെന്ന നിലയിലാണ് സമയം നീട്ടിനൽകുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്‌, ജെ ബി പർധിവാല എന്നിവർ അംഗങ്ങളായ അവധിക്കാലബെഞ്ച്‌ അറിയിച്ചു. വിമതപക്ഷത്താണെന്ന് കരുതുന്ന 39 എംഎൽഎമാർക്കും ബന്ധുക്കൾക്കും സംരക്ഷണം ഉറപ്പാക്കുമെന്ന്‌ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിമത എംഎൽഎമാർക്ക്‌ അയോഗ്യതാ നോട്ടീസ്‌ നൽകിയ ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി ചോദ്യം ചെയ്‌ത്‌ ഏക്‌നാഥ്‌ ഷിൻഡെ സമർപ്പിച്ച ഹർജിയാണ്‌ പരിഗണിച്ചത്‌. ഡെപ്യൂട്ടി സ്‌പീക്കറെ നീക്കണമെന്ന വിമത എംഎൽമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നതുവരെ അയോഗ്യതാ വിഷയത്തിൽ തീരുമാനം എടുക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും നല്‍കി. വിമതപക്ഷം ചീഫ്‌ വിപ്പായി അവരോധിച്ച ഭരത്‌ ഗോഗാവാല ഉൾപ്പെടെയുള്ളവരാണ്‌ ഈ ഹർജി നൽകിയത്‌. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്‌പീക്കർ, നിയമസഭാകക്ഷി നേതാവ്‌, ചീഫ്‌ വിപ്പ്‌ തുടങ്ങിയ കക്ഷികളോട്‌ അഞ്ചു ദിവസത്തിനകം നിലപാട്‌ വ്യക്തമാക്കാൻ നിർദേശിച്ച്‌ സുപ്രീംകോടതി നോട്ടീസയച്ചു. ജൂലൈ 11ന്‌ ഹർജി വീണ്ടും പരിഗണിക്കും. സ്‌പീക്കറുടെ പരിഗണനയിലുള്ള വിഷയത്തിൽ കോടതികൾക്ക്‌ ഇടപെടാനാകില്ലെന്ന്‌ ശിവസേന നിയമസഭാകക്ഷി നേതാവ്‌ അജയ്‌ ചൗധരി, ചീഫ്‌ വിപ്പ്‌ സുനിൽപ്രഭു തുടങ്ങിയവരുടെ അഭിഭാഷകൻ മനു അഭിഷേക്‌ സിങ്‌വി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ഹാജരായി. ഭരണഘടനയുടെ 79–ാം അനുച്ഛേദം അനുസരിച്ച്‌ ഡെപ്യൂട്ടി സ്‌പീക്കറെ സ്ഥാനത്തുനിന്ന്‌ നീക്കാൻ നോട്ടീസ്‌ നൽകിയതിനുശേഷം അദ്ദേഹത്തിന്‌ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കാൻ അവകാശമുണ്ടോ എന്ന വിഷയമാകും പരിശോധിക്കുക എന്ന്‌ സുപ്രീംകോടതി വാദംകേൾക്കലിനിടെ അറിയിച്ചു. ശിവസേനയിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നും ഇതുവരെ പാർടി അംഗത്വം രാജിവച്ചിട്ടില്ലെന്നുമാണ്‌ വിമത എംഎൽഎമാർ ഉന്നയിക്കുന്ന പ്രധാനവാദം. വിശ്വാസവോട്ടെടുപ്പ്‌ 
തടഞ്ഞില്ല മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരുടെ അയോഗ്യതാ നടപടി സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന ജൂലൈ 11 വരെ വിശ്വാസവോട്ടെടുപ്പ്‌ തടയണമെന്ന  ഉദ്ധവ്‌ താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ശിവസേന നിയമസഭാകക്ഷി നേതാവ്‌ അനിൽ ചൗധരി, ചീഫ്‌ വിപ്പ്‌ സുനിൽ പ്രഭു എന്നിവരാണ്‌ കോടതിയെ സമീപിച്ചത്‌. ഉദ്ധവിനെ രാജിയിൽനിന്ന്‌ പിന്തിരിപ്പിച്ച് പവാര്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ രണ്ട്‌ തവണ രാജിവയ്‌ക്കാൻ സന്നദ്ധനായെന്നും മുതിർന്ന ഘടകകക്ഷി നേതാവാണ്‌ പിന്തിരിപ്പിച്ചതെന്നും ശിവസേന വൃത്തങ്ങൾ. നേതാവിന്റെ പേര്‌ അവർ വെളിപ്പെടുത്തിയില്ലെങ്കിലും എൻസിപി അധ്യക്ഷൻ ശരദ്‌പവാറാണെന്ന്‌ വ്യക്തം. ബിജെപി പിന്തുണയോടെ ശിവസേനയെ പിളർത്താൻ നീക്കം തുടങ്ങിയശേഷം പവാർ പലതവണ ഉദ്ധവുമായി കൂടിക്കാഴ്‌ച നടത്തി. രാജിക്ക് തയ്യാറെടുത്തുവെന്ന്‌ ഫെയ്‌സ്‌ബുക് ലൈവിൽ ഉദ്ധവ്‌ പ്രഖ്യാപിച്ചശേഷവും പവാർ അദ്ദേഹത്തെ കണ്ടു. എൻസിപിയും കോൺഗ്രസും പ്രതിസന്ധിഘട്ടത്തില്‍ ഒപ്പംനിൽക്കുമെന്ന്‌ പവാർ ഉറപ്പുനൽകി. Read on deshabhimani.com

Related News