നോട്ട്‌ നിരോധനത്തിനുപിന്നിലെ 
നടപടിക്രമങ്ങൾ നിഗൂഢം ; സുപ്രീംകോടതിയിൽ ഹർജിക്കാർ



ന്യൂഡൽഹി   നോട്ട്‌ അസാധുവാക്കലിന്‌ പിന്നിലെ നടപടിക്രമങ്ങൾ നിഗൂഢമാണെന്ന്‌ സുപ്രീംകോടതിയിൽ ഹർജിക്കാർ.  നടപടിയുടെ നിയമസാധുത ചോദ്യം ചെയ്‌തുള്ള 58 ഹർജി പരിഗണിക്കവേ 26 മണിക്കൂറിലാണ്‌ നോട്ട്‌ അസാധുവാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുത്തതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ പി ചിദംബരം വാദിച്ചു. ജസ്‌റ്റിസ്‌ എസ്‌ അബ്‌ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ്‌ ഹർജികൾ പരിഗണിക്കുന്നത്‌. ഒക്ടോബർ 12ന്‌ കേസ്‌ പരിഗണിച്ച ബെഞ്ച്‌, നടപടിക്രമങ്ങളുടെ രേഖകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന്‌ നിർദേശം നൽകിയിരുന്നു.  2016 നവംബർ ഏഴിന്‌ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ നോട്ട്‌ അസാധുവാക്കാനുള്ള കത്ത്‌ റിസർവ്‌ ബാങ്കിന്‌ ലഭിച്ചത്‌. തുടർന്ന്‌, എട്ടിന്‌ വൈകിട്ട്‌ 5.30ന്‌ ആർബിഐ കേന്ദ്രബോർഡ്‌ യോഗം ചേർന്ന്‌ ശുപാർശ കേന്ദ്രമന്ത്രിസഭയ്‌ക്ക്‌ കൈമാറിയെന്നും ചിദംബരം കോടതിയിൽ പറഞ്ഞു. ആർബിഐ കേന്ദ്രബോർഡിനോ കേന്ദ്ര മന്ത്രിസഭയ്‌ക്കോ  നടപടിക്രമങ്ങളെക്കുറിച്ച്‌ ധാരണ ഉണ്ടായിരുന്നില്ലെന്നും വാദിച്ചു.  എൺപത്താറ് ശതമാനം നോട്ടുകൾ പിൻവലിക്കുമെന്ന്‌ ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചിരുന്നില്ല. നോട്ട്‌ അസാധുവാക്കൽ നടപടിക്ക്‌ പിന്നിലെ സുപ്രധാനരേഖകൾ കേന്ദ്രംമറച്ചുവച്ചു.  കേന്ദ്രസർക്കാർ ആർബിഐക്ക്‌ നൽകിയ കത്ത്‌ ഇതുവരെ ഹാജരാക്കിയിട്ടില്ല.  ചർച്ച ചെയ്യാൻ  തയ്യാറാക്കിയ അജൻഡാ നോട്ടും യോഗത്തിന്റെ മിനിറ്റ്‌സും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. Read on deshabhimani.com

Related News