ബിബിസി ഡോക്യുമെന്ററിക്ക്‌ വിലക്ക്‌: വിമർശിച്ച്‌ സായ്‌നാഥ്‌



ന്യൂഡൽഹി> ഗുജറാത്ത്‌ വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററിക്ക്‌ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ നിശിതമായി വിമർശിച്ച്‌ മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്‌. കേന്ദ്ര സർക്കാർ നടപടിയെ വിഷലിപ്‌തമെന്ന്‌ സായ്‌നാഥ്‌ വിശേഷിപ്പിച്ചു. മോദിയെയൊ അദേഹത്തിന്റെ സർക്കാരിനെയോ പാർടിയെയോ വിമർശിക്കുന്ന എന്തും തുടച്ചുമാറ്റുമെന്ന നിലപാടിലാണ്‌ കേന്ദ്രമെന്നും ഒരു മാധ്യമസ്ഥാപനത്തിന്‌ അനുവദിച്ച അഭിമുഖത്തിൽ സായ്‌നാഥ്‌ പറഞ്ഞു. ഇന്ത്യാക്കാർക്ക്‌ ഇപ്പോൾ ഡോക്യുമെന്ററി ലഭ്യമല്ല. എന്നാൽ ആ ഡോക്യുമെന്ററിയിൽെ സ്രോതസ്സുകൾ നോക്കൂ. ബ്രിട്ടന്റെ മുൻവിദേശകാര്യ സെക്രട്ടറിയും ബ്രിട്ടീഷ്‌ സർക്കാരിലെ മന്ത്രിതലത്തിലുള്ള ആളുകളും മറ്റുമാണ്‌ തുറന്നു സംസാരിക്കുന്നത്‌. ഇത്‌ തുടച്ചുനീക്കാനാണ്‌ കേന്ദ്രത്തിന്റെ ശ്രമം. ഇത്‌ വെറും സെൻസർഷിപ്പ്‌ മാത്രമല്ല. മാധ്യമങ്ങൾ ഇപ്പോൾ തന്നെ സ്വയം സെൻസറിങിലാണ്‌. എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ സർക്കാരിന്‌ മാധ്യമങ്ങളോട്‌ പറയേണ്ടതില്ല. വാർത്തകൾ പുറത്തുവരാൻ മാധ്യമങ്ങൾ തന്നെ അനുവദിക്കുന്നില്ല. അതാണ്‌ ഏറ്റവും വലിയ ദുരന്തം. കഴിഞ്ഞ 200 വർഷ കാലയളവിലെ ഏറ്റവും മോശമായ അവസ്ഥയിലാണ്‌ നിലവിൽ മാധ്യമപ്രവർത്തനം– സായ്‌നാഥ്‌ പറഞ്ഞു. Read on deshabhimani.com

Related News