ജ്ഞാൻവാപിയില്‍ ഇപ്പോള്‍ 
പരിശോധന വേണ്ട ; ഇടപെട്ട് സുപ്രീംകോടതി



ന്യൂഡൽഹി വാരാണസിയിലെ ജ്ഞാൻവാപി പള്ളി വളപ്പിലെ "ശിവലിംഗ'മെന്ന്‌ ആരോപിക്കപ്പെടുന്ന വസ്‌തുവിന്റെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്‌ത്രീയ പരിശോധന നടത്തണമെന്ന അലഹബാദ്‌ ഹൈക്കോടതി ഉത്തരവ്‌ താൽക്കാലികമായി തടഞ്ഞ്‌ സുപ്രീംകോടതി. പള്ളി കമ്മിറ്റിയുടെ ഹര്‍ജിയില്‍ ചീഫ്‌ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ്‌ സൂക്ഷ്‌മമായി പരിശോധിക്കണമെന്നും അടുത്തവാദം കേൾക്കുംവരെ തടയുകയാണെന്നും ജസ്റ്റിസ്‌ പി എസ്‌ നരസിംഹ കൂടി അംഗമായ ബെഞ്ച്‌ അറിയിച്ചു. കേന്ദ്ര സർക്കാരിനും യുപി സർക്കാരിനും നോട്ടീസ്‌ അയക്കാനും നിർദേശിച്ചു. പള്ളിയിലെ കുളത്തിൽ പുരാതന ജലധാര യന്ത്രത്തോട് സാ-ദ്യശ്യമുള്ള നിര്‍മിതി ‘ശിവലിംഗം’ ആണെന്നും ആരാധന നടത്തണമെന്നുമാണ് സംഘപരിവാര്‍ പിന്തുണയുള്ള ഹര്‍ജിക്കാരുടെ ആവശ്യം. ഹർജി നിലനിൽക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടി പള്ളി കമ്മിറ്റി അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ സിംഗിൾ ബെഞ്ച്‌ ഡിസംബറിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍‌, ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച്‌  പള്ളിയില്‍ ശാസ്‌ത്രീയ പരിശോധന നടത്താന്‍ കഴിഞ്ഞ ആഴ്‌ച ഉത്തരവിട്ടു. നേരത്തേ സമർപ്പിച്ച ഹർജിയിൽ വിധി പറയാതെ, അതേ വിഷയത്തിലെ മറ്റൊരു ഹർജിയിൽ വിധി പുറപ്പെടുവിച്ചത്‌ ശരിയല്ലെന്ന് പള്ളി കമ്മിറ്റി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News