തെരഞ്ഞെടുപ്പ്‌ നീതിപൂർവമായാൽ ത്രിപുരയിൽ 
ഇടതുപക്ഷം തിരിച്ചുവരും



ശ്യാമൾ ചക്രവർത്തി നഗർ 
(ബംഗളൂരു) നീതിപൂർവമായ തെരഞ്ഞെടുപ്പ്‌ നടന്നാൽ സംസ്ഥാനത്ത്‌ ഇടതുപക്ഷം തിരിച്ചുവരുമെന്ന്‌ ത്രിപുരയിൽനിന്നുള്ള സിഐടിയു നേതാക്കൾ. ബിജെപിക്കെതിരെ ജനരോഷം ശക്തമാണ്‌. ഫെബ്രുവരി 16ലെ തെരഞ്ഞെടുപ്പിൽ ഇത്‌ പ്രതിഫലിക്കുമെന്നും സിഐടിയു അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർ ചൂണ്ടിക്കാട്ടി.ബിജെപി ഭരണത്തിനുകീഴിൽ രാജ്യത്ത്‌  ജനാധിപത്യം അട്ടിമറിക്കുന്നു. ത്രിപുരയിലും സമരങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ അനുമതിയില്ല. പ്രതിപക്ഷ പാർടി പ്രവർത്തകരെ വേട്ടയാടുന്നു. തൊഴിലാളികളിലും ആദിവാസി ജനവിഭാഗങ്ങൾക്കിടയിലും ബിജെപി ഭരണത്തിന്റെ അപകടം ബോധ്യപ്പെടുത്താനായിട്ടുണ്ട്‌. പലയിടത്തും പ്രദേശവാസികൾ സ്വമേധയാ ബിജെപിക്കെതിരെ പ്രതിഷേധിക്കുന്നു. ഒരു പാർടിയുടെയും കൊടിക്കുകീഴിൽ അല്ലാതെതന്നെ ജനങ്ങൾ തെരുവിലിറങ്ങുന്നു. ഇത്‌ ജനവിധിയിൽ പ്രതിഫലിക്കുമെന്നാണ്‌ പ്രതീക്ഷ. ജനാധിപത്യ അവകാശങ്ങൾ തിരിച്ചുപിടിക്കുകയെന്നത്‌ തൊഴിലാളികൾക്ക്‌ പരമപ്രധാനമാണ്‌–- ത്രിപുര എംപ്ലോയീസ്‌ കോ– -ഓർഡിനേഷൻ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും നിലവിൽ സിഐടിയു വർക്കിങ്‌ കമ്മിറ്റി അംഗവുമായ അസിം പാൽ പറഞ്ഞു.ബിജെപി അധികാരമേറ്റശേഷം സമൂഹത്തിന്റെ ഐക്യം തകർന്നെന്നും അതിന്റെ അപകടം ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സദൻചന്ദ്ര ബോസ്‌ പറഞ്ഞു. Read on deshabhimani.com

Related News