ഗവർണർമാർ നില മറക്കരുത് ; രൂക്ഷ വിമർശവുമായി സുപ്രീംകോടതി



ന്യൂഡൽഹി ഗവർണർമാർ അധികാരങ്ങൾ അതീവജാഗ്രതയോടെ ഉപയോഗിക്കണമെന്ന്‌ സുപ്രീംകോടതി.  ഗവർണർമാർ നിലവിട്ട്‌ പെരുമാറരുത്‌. വിശ്വാസവോട്ടെടുപ്പിന്‌ നിർദേശം നൽകുമ്പോൾ അത്‌ കാരണം സർക്കാരുകൾ താഴെവീഴാനിടയുണ്ടെന്ന വസ്‌തുത മറക്കരുത്‌. സർക്കാരുകൾ താഴെവീഴാൻ ഇടയാക്കുന്ന രീതിയിലുള്ള ഒരിടപെടലും ഗവർണർമാരുടെ ഭാഗത്ത്‌ നിന്നുണ്ടാകരുത്‌. പല കാരണങ്ങൾകൊണ്ടും എംഎൽഎമാർ കൂട്ടത്തോടെ ഭരണകക്ഷി വിട്ടുപോകാൻ സാധ്യതയുണ്ട്‌. അപ്പോൾ ഗവർണർമാർ ജാഗ്രതയില്ലാതെ ഇടപെട്ടാൽ സർക്കാരുകൾ നിലംപൊത്തും. ഇത്തരം സാഹചര്യങ്ങൾ ജനാധിപത്യത്തിലെ സങ്കടക്കാഴ്‌ചകളാണ്‌ –-  ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ഭരണഘടനാബെഞ്ച്‌ നിരീക്ഷിച്ചു.  മഹാരാഷ്ട്രയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ്‌ പരാമര്‍ശം. മഹാരാഷ്ട്രയിൽ ഉദ്ധവ്‌താക്കറേ സർക്കാരിൽനിന്നും ഏക്‌നാഥ്‌ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ കൂട്ടത്തോടെ കാലുമാറിയതോടെയാണ്‌ അധികാരമാറ്റമുണ്ടായത്‌. പിന്നാലെ ഗവർണറായിരുന്ന ഭഗത്‌സിങ് ഖോഷ്യാരി വിശ്വാസവോട്ട്‌ തേടാൻ നിർദേശം നൽകി. വിശ്വാസവോട്ടെടുപ്പിന്‌ നിൽക്കാതെ ഉദ്ധവ്‌താക്കറേ രാജിവച്ചപ്പോൾ ബിജെപി പിന്തുണയോടെ ഏക്‌നാഥ്‌ഷിൻഡെ പുതിയ മുഖ്യമന്ത്രിയായി. ഇതേതുടർന്ന്‌, ഉദ്ധവ്‌താക്കറേ, ഏക്‌നാഥ്‌ഷിൻഡെ പക്ഷങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.   ഏക്‌നാഥ്‌ഷിൻഡെ പക്ഷത്തിന്‌ എതിരെ നിശിതമായ വിമർശമാണ്‌ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്‌. ഏക്‌നാഥ്‌ഷിൻഡെ വിഭാഗത്തിന്‌ ശിവസേനയുടെ അമ്പും വില്ലും ചിഹ്നം അനുവദിച്ചതിനെതിരെ  ഉദ്ധവ്‌താക്കറേ പക്ഷം നൽകിയ ഹർജിയിൽ കക്ഷി ചേർക്കാനാകില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ കോടതിയെ അറിയിച്ചു. Read on deshabhimani.com

Related News