ഉയർന്ന പെൻഷൻ: "ബാധ്യതയെന്നത് അസംബന്ധം' : ജീവനക്കാരുടെ സംഘടനകൾ



ന്യൂഡൽഹി ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷന്‌ വഴിയൊരുക്കിയ കോടതി ഉത്തരവ്‌ നടപ്പാക്കിയാൽ പെൻഷൻ ഫണ്ട്‌ തകരുമെന്ന കേന്ദ്രസർക്കാരിന്റെയും ഇപിഎഫ്‌ഒയുടെയും വാദം തികഞ്ഞ അസംബന്ധമെന്ന്‌ ജീവനക്കാരുടെ സംഘടനകൾ. റിലയൻസിനെ പോലെയുള്ള വമ്പൻകുത്തകകൾ പൊളിഞ്ഞാലും പെൻഷൻ ഫണ്ടിന്‌ ഒരിളക്കവും തട്ടില്ലെന്ന്‌ ജീവനക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽശങ്കരനാരായണൻ വാദിച്ചു. പിഎഫ്‌ പെൻഷൻ കേസ്‌ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ പ്രത്യേകബെഞ്ച്‌ മുമ്പാകെയായിരുന്നു അദ്ദേഹത്തിന്റെ വാദം. 2020–-2021ൽ കോർപസ്‌ ഫണ്ടിൽ പലിശ ഇനത്തിൽമാത്രം 6,000 കോടിയിലേറെ ലഭിച്ചു. പത്തിൽ ഒരു ശതമാനംമാത്രം ചെലവിട്ടാൽ പെൻഷൻ വിതരണം നടത്താം. കോർപസ്‌ ഫണ്ട്‌ ഓരോ വർഷവും വർധിക്കുന്നുമുണ്ട്‌. കഴിഞ്ഞ അഞ്ച്‌ വർഷത്തെ കണക്കെടുത്താൽ 1,392 രൂപയാണ്‌ ഒരാൾക്ക്‌ ശരാശരി പെൻഷൻ നൽകിയത്‌. ഉയർന്ന പെൻഷൻ അനുവദിക്കേണ്ടി വന്നാൽ വലിയ ബാധ്യതയുണ്ടാകുമെന്ന ഇപിഎഫ്‌ഒയുടെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിഭാഷകരായ ദേവാശിഷ്‌ബറുവ, നിഖിൽ ഗോയൽ, വന്ദനാസെഹ്‌ഗാൾ, പുരുഷോത്തം ശർമ തുടങ്ങിയവരും വാദങ്ങൾ അവതരിപ്പിച്ചു. വ്യാഴാഴ്‌ച ഇപിഎഫ്‌ഒയുടെ അഭിഭാഷകൻ അര്യാമസുന്ദരത്തിനും അഡീഷണൽ സോളിസിറ്റർജനറൽ വിക്രംജിത്‌ ബാനർജിക്കും വിശദീകരണത്തിനുള്ള അവസരം നൽകും. വ്യാഴാഴ്ചയോടെ ജസ്‌റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ മൂന്നംഗ പ്രത്യേകബെഞ്ച്‌ കേസിൽ വാദംകേൾക്കൽ പൂർത്തിയാക്കിയേക്കും. Read on deshabhimani.com

Related News