ചില സംസ്ഥാനങ്ങൾ ലാബ്‌ സൗകര്യം പൂർണമായും ഉപയോഗപ്പെടുത്തുന്നില്ല; പരമാവധി പരിശോധന വേണമെന്ന്‌ കേന്ദ്രം



ന്യൂഡൽഹി കോവിഡ്‌ പരിശോധനകൾ വർധിപ്പിക്കാനും ഇതിനായി പരിശോധനാ ലാബുകളുടെ ശേഷി പൂർണമായി ഉപയോഗിക്കാനും സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രനിർദേശം. രോഗം എത്രയും നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും പരിശോധന,- സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ, ചികിത്സ എന്നീ മൂന്ന്‌ കാര്യമാണ്‌ ഏറ്റവും നിർണായകമെന്ന്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദനും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയും സംസ്ഥാനങ്ങളെ അറിയിച്ചു. ചില സംസ്ഥാനങ്ങൾ ലാബ്‌ സൗകര്യം പൂർണമായും ഉപയോഗപ്പെടുത്തുന്നില്ല. പ്രത്യേകിച്ച്‌ സ്വകാര്യ ലാബ്‌ സൗകര്യങ്ങൾ. ലാബുകളുടെ പൂർണശേഷി ഉപയോഗിക്കുന്നതിനായി  നടപടി സ്വീകരിക്കണം. ഐസിഎംആർ മാനദണ്ഡങ്ങൾ പ്രകാരം  പരിശോധിക്കുന്നതിന്‌ ലാബുകൾക്ക്‌ സ്വാതന്ത്ര്യം നൽകണം. രോഗനിർണയത്തിന്‌ ഏറ്റവും പര്യാപ്‌തമായ പരിശോധന ആർടി–- പിസിആറാണ്‌. എന്നാൽ, റാപിഡ്‌ ആന്റിജൻ ടെസ്‌റ്റിനും ഐസിഎംആർ അനുമതി നൽകിയിട്ടുണ്ട്‌. കണ്ടെയ്‌ൻമെന്റ്‌ സോണുകളിലും മറ്റും വേഗത്തിലുള്ള രോഗനിർണയത്തിന്‌ ആന്റിജൻ ടെസ്‌റ്റ്‌ ഉപയോഗപ്പെടുത്താം. രോഗബാധ കൂടുതലുള്ള മേഖലകളിൽ എല്ലാരെയും പരിശോധിക്കാൻ ക്യാമ്പുകൾ, മൊബൈൽ വാനുകൾ എന്നീ മാർഗങ്ങളും സ്വീകരിക്കാം–- ആരോഗ്യ സെക്രട്ടറിയും ഐസിഎംആർ ഡയറക്ടറും നിർദേശിച്ചു.   Read on deshabhimani.com

Related News