നീറ്റ്‌ സാമ്പത്തിക സംവരണം : വരുമാന പരിധി പുനഃപരിശോധിക്കും



ന്യൂഡൽഹി നീറ്റ്‌ അഖിലേന്ത്യാ ക്വോട്ടയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക്‌ സംവരണം അനുവദിക്കാനുള്ള വാർഷിക വരുമാനപരിധി എട്ടുലക്ഷമാക്കിയത്‌ പുനഃപരിശോധിക്കുമെന്ന്‌ കേന്ദ്രസർക്കാർ. നാലാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനം എടുക്കും. നീറ്റ്‌ അഖിലേന്ത്യാ പ്രവേശനത്തിൽ ഈ വിഭാഗത്തിന്‌ സംവരണം ഏർപ്പെടുത്താനുള്ള നീക്കം ചോദ്യംചെയ്‌തുള്ള ഹർജിയിലാണ്‌ കേന്ദ്രം നിലപാട് അറിയിച്ചത്‌. നാലാഴ്‌ചയ്‌ക്കുശേഷം വാദംകേൾക്കൽ തുടരുമെന്ന്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. സംവരണം അടുത്ത വർഷത്തേക്ക്‌ നീട്ടിവയ്‌ക്കണമെന്ന്‌ മുതിർന്ന അഭിഭാഷകൻ അരവിന്ദ്‌ ദത്തർ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി അനുസരിച്ച്‌ ഉടൻ നടപടി സ്വീകരിക്കേണ്ട ബാധ്യതയുണ്ടെന്ന്‌ സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയും പ്രവേശന നടപടിക്രമങ്ങൾ നീളുന്നതിൽ കോടതിക്ക്‌ ആശങ്കയുണ്ടെന്ന്‌ ജസ്റ്റിസ്‌ ചന്ദ്രചൂഡും പറഞ്ഞു.സാമ്പത്തികമായി പിന്നോക്കമായവര്‍ക്കും വാർഷിക വരുമാനപരിധി എട്ടു ലക്ഷമാക്കിയ കേന്ദ്രനടപടി സുപ്രീംകോടതി നേരത്തേ രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നോക്കവിഭാഗങ്ങൾക്കുള്ള സംവരണമാനദണ്ഡം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കവിഭാഗക്കാർക്കും ഏർപ്പെടുത്തിയതിന്റെ യുക്തിയാണ്‌ കോടതി ചോദ്യം ചെയ്‌തത്‌. സംവരണവിഷയത്തിൽ സുപ്രീംകോടതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നതുവരെ നീറ്റ്‌–-പിജി കൗൺസലിങ്‌ തുടങ്ങില്ലെന്ന്‌ സർക്കാർ കോടതിക്ക്‌ ഉറപ്പുനൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News