രാഹുല്‍ പോര, സിദ്ദുവിന് സോണിയയെ കാണണം ; പഞ്ചാബില്‍ കോണ്‍​ഗ്രസ് പ്രതിസന്ധി ഒഴിയുന്നില്ല

photo credit navjothsing sidhu twitter


ന്യൂഡൽഹി പഞ്ചാബ്‌ കോൺഗ്രസിൽ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാതെ നവ്‌ജ്യോത്‌ സിങ്‌ സിദ്ദു. കഴിഞ്ഞദിവസം ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ട്‌ എല്ലാ പ്രശ്‌നവും അവസാനിച്ചെന്ന് അവകാശപ്പെട്ട്‌ മടങ്ങിയ സിദ്ദു, തൊട്ടുപിന്നാലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി തേടി കത്തയച്ചു. പഞ്ചാബിന്റെ പുനരുജ്ജീവനത്തിന് പതിമൂന്നിന അജൻഡ നേരിട്ട്‌ അവതരിപ്പിക്കാന്‍ അവസരംതേടുന്ന കത്ത് ട്വിറ്ററിലൂടെ സിദ്ദു പുറത്തുവിട്ടു.നേരിട്ടു പറയാവുന്ന കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പറയേണ്ടതില്ലെന്ന് സോണിയ പ്രവര്‍ത്തകസമിതിയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിദ്ദു കത്ത് പുറത്തുവിട്ടത്. പ‍ഞ്ചാബ് കോണ്‍​ഗ്രസില്‍ പ്രശ്നം അവസാനിച്ചെന്ന് കരുതിയ കേന്ദ്രനേതൃത്വം ഇതോടെ വെട്ടിലായി. ജൂലൈ 19നാണ്‌ സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയത്‌. പിന്നാലെ അമരീന്ദർ സിങ്ങുമായി കൊമ്പുകോർക്കൽ രൂക്ഷമായി. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ സിദ്ദു ഉറപ്പിച്ചതോടെ അമരീന്ദർ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ തെറിച്ചു. പകരമെത്തിയ ചരൺജിത് സിങ്‌ ചന്നിയുമായി തെറ്റി സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. പ്രശ്‌നപരിഹാരത്തിനാണ് രാഹുലിനെ കാണാന്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിയത്. പ്രശ്നം അവസാനിച്ചെന്ന്  മാധ്യമങ്ങളോട് പറ‍ഞ്ഞ സിദ്ദു അന്നുതന്നെ സോണിയയെ കാണാന്‍ കത്തു നല്‍കിയെന്നാണ് ഇപ്പോൾ വ്യക്തമായത്. Read on deshabhimani.com

Related News