പുതിയ വിദ്യാഭ്യാസ നയം : നിർവഹണത്തിന്‌ സംവിധാനമില്ല; ചതിക്കുഴികൾ ഏറെ, ഭ്രമിപ്പിച്ച്‌ നയിക്കുന്നത് അപകടത്തിലേക്ക്



ന്യൂഡൽഹി പ്രചോദനാത്മക പ്രസംഗത്തിന്റെ ശൈലിയുണ്ട്‌ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഷയ്ക്ക്. എന്നാൽ, ചതിക്കുഴികൾ ഏറെ. ഭ്രമിപ്പിച്ച്‌ നയിക്കുന്നത് അപകടത്തിലേക്ക്. വിപുലമായ ലക്ഷ്യങ്ങള്‍‌ പറയുന്നു. നിർവഹണത്തിന്‌ നിയതമായ സംവിധാനം വിശദീകരിക്കുന്നില്ല. ഭരണാധികാരികൾക്ക്‌ ഇച്ഛാനുസരണം ഏതു മാർഗവും സ്വീകരിക്കാം. കിട്ടുന്ന അവസരത്തിലെല്ലാം വർഗീയ അജൻഡ ഇറക്കുന്ന സർക്കാരിനു മുന്നില്‍ തുറന്നിട്ടത് അപാരമായ സാധ്യത. കോവിഡ്‌ അടച്ചുപൂട്ടലിന്റെ പേരിൽ പാഠ്യപദ്ധതി ചുരുക്കിയപ്പോൾ മതനിരപേക്ഷത, ഭരണഘടന, സ്വാതന്ത്ര്യസമരം എന്നീ ഭാഗം സൗകര്യപൂര്‍വം ഒഴിവാക്കിയ സര്‍ക്കാരില്‍നിന്ന് ഇനി എന്തും പ്രതീക്ഷിക്കാം. നയത്തിൽ പറയുന്നവ നടപ്പാക്കാൻ ബജറ്റിന്റെ 25 ശതമാനം വിഹിതമെങ്കിലും വേണ്ടിവരുമെന്ന്‌ ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവ്‌ ശൈലേന്ദ്ര ശർമ  പറയുന്നു. നടപ്പ്‌ ബജറ്റിൽ വിദ്യാഭ്യാസമേഖലയ്‌ക്ക്‌ നീക്കിവച്ചത് ലക്ഷം കോടിയിൽ താഴെമാത്രം‌. അതായത്, അഞ്ച്‌ ശതമാനത്തിലും കുറവ്. ലക്ഷ്യം നേടാൻ വിഹിതം അഞ്ചിരട്ടിയെങ്കിലും വർധനവേണം. കേന്ദ്രസർക്കാർ നടപ്പാക്കുന്ന സാമ്പത്തികനയങ്ങളുടെ അടിസ്ഥാനത്തിൽ വിഹിതത്തിൽ ഇത്രയും വർധന സാധ്യമാകില്ല.ഇതേത്തുടർന്ന്‌ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പ്‌ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറേണ്ടിവരും. കോർപറേറ്റുകൾക്കും സംഘപരിവാർ സംഘടനകൾക്കും മുതലെടുപ്പിനുള്ള സാഹചര്യം തൊട്ടരികെ. പൊതു– സ്വകാര്യ സ്ഥാപനങ്ങളെ ഒരേ തട്ടിൽ കാണുമെന്ന ആശയവും നയം മുന്നോട്ടുവയ്‌ക്കുന്നു.മാതൃഭാഷയിൽ അധ്യയനം, ദേശീയ റിസർച്ച്‌ ഫൗണ്ടേഷൻ, തൊഴിൽ പരിശീലനത്തിന്‌ മുൻതൂക്കം നൽകുന്ന സംവിധാനം, നാല്‌ വർഷ ബിരുദം, ഏകീകൃത സ്‌കൂൾ പാഠ്യക്രമം‌, അഫിലിയേറ്റഡ്‌ കോളേജ്‌ സംവിധാനം ഇല്ലാതാക്കൽ എന്നിവയും നിർവഹണത്തിൽ അപകടങ്ങൾ നിറഞ്ഞതാണ്‌. ഈ നയത്തിന്റെ നിർവഹണമാണ്‌ ഏറ്റവും വലിയ പരീക്ഷണമെന്ന്‌ നിതി ആയോഗ്‌ സിഇഒ അമിതാഭ്‌ കാന്ത്‌ സമ്മതിക്കുന്നു. Read on deshabhimani.com

Related News