അദാനി തുറമുഖം വഴി ഹെറോയിൻ കടത്തൽ: 8 പേർ അറസ്റ്റിൽ

edited videograbbed image


അഹമ്മദാബാദ്‌ ഗുജറാത്തിൽ അദാനി ഗ്രൂപ്പിന്‌ കൈമാറിയ മുന്ദ്ര തുറമുഖത്ത്‌ 3000 കിലോ ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിൽ വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ. നാല്‌ അഫ്‌ഗാനികളും ഒരു ഉസ്ബെക്കിസ്ഥാൻകാരനും ദമ്പതികളടക്കം മൂന്ന്‌ ഇന്ത്യക്കാരുമാണ്‌ പിടിയിലായത്‌. അന്താരാഷ്‌ട്ര വിപണിയിൽ 21,000 കോടി രൂപ വിലയുള്ള മയക്കുമരുന്നാണ്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസ്‌ (ഡിആർഐ) പിടികൂടിയത്‌. ഇറാനിലെ ബന്ദർ അബ്ബാസ്‌ തുറമുഖത്തുനിന്ന് വിജയവാഡയിലെ ആഷി ട്രേഡിങ്‌ കമ്പനിയുടെ പേരിൽ വന്ന രണ്ട്‌ കണ്ടെയ്‌നറിലാണ്‌ മയക്കുമരുന്ന്‌ കണ്ടെത്തിയത്‌. അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ ഡൽഹിയിലേക്ക്‌ അയച്ചതാണെന്നാണ്‌ സംശയം. കമ്പനി ഉടമകളായ തമിഴ്‌നാട്‌ സ്വദേശി സുധാകറും ഭാര്യ വൈശാലിയും ഈ ഇടപാടിനായി ഉപയോഗിച്ച ഇറക്കുമതി–-കയറ്റുമതി കോഡ്‌ അനുവദിച്ചിട്ടുള്ള ആളുമാണ്‌ പിടിയിലായ ഇന്ത്യക്കാർ. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയായ മയക്കുമരുന്ന്‌ മാഫിയയെ തകർക്കാൻ ഗുജറാത്തിൽനിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്കും കഴിയുന്നില്ലെന്ന്‌ കോൺഗ്രസ്‌ കുറ്റപ്പെടുത്തി. തുറമുഖങ്ങളും വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കുന്നത്‌ രാജ്യസുരക്ഷ അപകടത്തിലാക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ്‌ സംഭവമെന്ന നിരീക്ഷണം ശക്തമായി. എന്നാല്‍, തുറമുഖത്തിന്റെ നടത്തിപ്പുചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും അവിടെ എത്തുന്ന ചരക്ക് പരിശോധിക്കാൻ അവകാശമില്ലെന്നും അദാനി ഗ്രൂപ്പ്‌ പ്രസ്‌താവനയിൽ അവകാശപ്പെട്ടു. കേരളത്തിലെ വിഴിഞ്ഞമടക്കം 11 തുറമുഖത്തിന്റെയും തിരുവനന്തപുരമടക്കം ആറ്‌ വിമാനത്താവളത്തിന്റെയും നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്‌. Read on deshabhimani.com

Related News