റബ്ബർ കർഷകർക്ക്‌ സഹായമില്ല; കേന്ദ്രസർക്കാർ ഇടപെടില്ലെന്ന്‌ പിയൂഷ്‌ ഗോയൽ



ന്യൂഡൽഹി സ്വാഭാവിക റബർ സംഭരണത്തിന്‌ മിനിമംതാങ്ങുവില (എംഎസ്‌പി) ഏർപ്പെടുത്തില്ലെന്ന്‌ ആവർത്തിച്ച്‌ കേന്ദ്രം. റബർ കാർഷിക വിളയല്ല. ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഉതകുന്ന കാർഷികവിളകൾക്ക്‌ മാത്രമേ എംഎസ്‌പി ബാധകമാക്കാൻ കഴിയൂവെന്ന്‌ സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീമിന്‌ നൽകിയ മറുപടിയിൽ വാണിജ്യമന്ത്രി പീയുഷ്‌ ഗോയൽ വ്യക്തമാക്കി. ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന മിശ്രിത റബറിന്‌ ( കോമ്പൗണ്ട്‌ റബർ) നൽകുന്ന പൂർണ ഇറക്കുമതിത്തീരുവ ഇളവ്‌ ഏകപക്ഷീയമായി ഇന്ത്യക്ക്‌ പിൻവലിക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. സ്വാഭാവിക റബറിന്‌ താങ്ങുവില പ്രഖ്യാപിക്കണമെന്നും ഇറക്കുമതി റബറിന്റെ തീരുവ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ നൽകിയ കത്തിനുള്ള  മന്ത്രിയുടെ മറുപടിയിലാണ്‌ ഇക്കാര്യം. മിശ്രിത റബറിന്റെ ഇറക്കുമതി തീരുവ ‘പത്തിൽനിന്ന്‌ 25 ശതമാനമോ കിലോഗ്രാമിന്‌ 30 രൂപയോ ഏതാണ്‌ കുറവ്‌ അത്രയുമായി’ ബജറ്റിൽ വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, ഇതുകൊണ്ടുമാത്രം റബറിന്റെ വിലത്തകർച്ച തടയാൻ കഴിയില്ലെന്ന്‌ എളമരം കരീം, ബിനോയ്‌ വിശ്വം, ജോസ്‌ കെ മാണി എന്നിവർ ഫെബ്രുവരി എട്ടിന്‌ മന്ത്രിക്ക്‌ നൽകിയ കത്തിൽ വിശദീകരിച്ചിരുന്നു. 2022ൽ  1.02 ലക്ഷം ടൺ മിശ്രിത റബറും 6.20 ലക്ഷം ടൺ സ്വാഭാവിക റബറും ഇറക്കുമതി ചെയ്‌തു. മൊത്തം റബർ ഇറക്കുമതിയുടെ 16 ശതമാനം മാത്രമാണ്‌ കോമ്പൗണ്ട്‌ റബർ ഇറക്കുമതി. ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതിചെയ്യുന്ന മിശ്രിത റബറിന്‌ ഇറക്കുമതി തീരുവ ബാധകവുമല്ല.  ആസിയാൻ ഇതര രാജ്യങ്ങളിൽനിന്നുള്ള മിശ്രിത റബർ ഇറക്കുമതിക്കുമാത്രം തീരുവ വർധിപ്പിക്കുന്നതിലൂടെ രാജ്യത്തെ കർഷകർക്ക്‌ പ്രയോജനമില്ല. Read on deshabhimani.com

Related News