ധ്രുവീകരണത്തിന് ജനസംഖ്യ ആയുധം ; ആർഎസ്‌എസ് കള്ളം 
സർക്കാർ കണക്കിൽ പൊളിഞ്ഞു



ന്യൂഡൽഹി രാജ്യത്തെ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ വിദ്വേഷപ്രസംഗം കേന്ദ്ര സർക്കാരിന്റെ കണക്കുകളിൽത്തന്നെ പൊളിയുന്നു. ഒരു മതവിഭാഗത്തിന്റെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുന്നെന്നും ജനസംഖ്യാ നിയന്ത്രണത്തിന് സമഗ്ര പദ്ധതി വേണമെന്നുമാണ് വിജയദശമി ദിന പ്രസംഗത്തിൽ പറഞ്ഞത്. മുസ്ലിം ജനസംഖ്യ രാജ്യത്ത്‌ ഗണ്യമായി വർധിക്കുന്നെന്നും ഹിന്ദുക്കളുടെ എണ്ണം കുറയുന്നെന്നും സംഘപരിവാർ കാലങ്ങളായി നടത്തുന്ന വ്യാജപ്രചാരണമാണ്‌. ഏറെ വൈകാതെ മുസ്ലിങ്ങൾ എണ്ണത്തിൽ മുന്നിലെത്തുമെന്നുമുള്ള പ്രചാരണം പൊള്ളയാണെന്ന് കേന്ദ്ര സർക്കാർ കണക്ക് വ്യക്തമാക്കുന്നു. 2019–-21ലെ ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾപ്രകാരം ഹിന്ദു സ്‌ത്രീകളിൽ ശരാശരി പ്രത്യുൽപ്പാദന നിരക്ക്‌ (കുടുംബത്തിലെ കുട്ടികളുടെ എണ്ണം) 1.94ഉം മുസ്ലിം സ്‌ത്രീകളിൽ 2.36ഉം ആണ്‌. വ്യത്യാസം 0.42 മാത്രം. 1992ൽ വ്യത്യാസം 1.1 ആയിരുന്നു. 30 വർഷത്തിൽ 0.68ന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ മൂന്നു ദശകത്തിൽ ഹിന്ദു സ്‌ത്രീകളുടെ പ്രത്യുൽപ്പാദന നിരക്കിൽ 30 ശതമാനം കുറഞ്ഞപ്പോൾ മുസ്ലിം സ്‌ത്രീകളിൽ വന്ന കുറവ്‌ 35 ശതമാനം. 2030 ഓടെ ഇരു വിഭാഗങ്ങളിലെയും പ്രത്യുൽപ്പാദന നിരക്ക്‌ തുല്യതയിൽ എത്തും. പ്യൂ റിസർച്ച്‌ സെന്ററിന്റെ 2021ലെ റിപ്പോർട്ടും കുടുംബാരോഗ്യ സർവേ കണക്കുകളെ ശരിവയ്‌ക്കുന്നു. ഹിന്ദുക്കളിലെയും മുസ്ലിങ്ങളിലെയും പ്രത്യുൽപ്പാദന നിരക്ക്‌ ഏറെക്കുറെ തുല്യതയിലെത്തിയതായി പ്യൂ റിസർച്ച്‌ സെന്റർ പറയുന്നു. 1992ൽ മുസ്ലിങ്ങളിലെ പ്രത്യുൽപ്പാദന നിരക്ക്‌ 4.4 ആയിരുന്നത്‌ 2015ൽ 2.6 ആയി ഇടിഞ്ഞു. ഇതേ കാലയളവിൽ ഹിന്ദുക്കളുടേത്‌ 3.3ൽ നിന്ന്‌ 2.1ൽ എത്തി. രാജ്യത്തെ ആകെ പ്രത്യുൽപ്പാദന നിരക്ക്‌ 2016ൽ 2.2 ആയിരുന്നത്‌ ഏറ്റവും പുതിയ കുടുംബാരോഗ്യ സർവേ പ്രകാരം രണ്ടായി.   Read on deshabhimani.com

Related News