ജനസംഖ്യ നിയന്ത്രിക്കണം ; ആവശ്യം ആവർത്തിച്ച്‌ ആർഎസ്‌എസ്‌



ന്യൂഡൽഹി മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലനം പ്രധാനമാണെന്നും അത്‌ അവഗണിക്കാനാകില്ലെന്നും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌. എല്ലാവർക്കും ബാധകമായ ജനസംഖ്യാ നിയന്ത്രണം അടുത്ത 50 വർഷത്തേക്ക്‌ നടപ്പാക്കണം. ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്‌ത്രപരമായ അതിരുകളിൽ മാറ്റം വരുത്തും. നിർബന്ധപൂർവവും പ്രലോഭനങ്ങളിലൂടെയുമുള്ള മതംമാറ്റം, നുഴഞ്ഞുകയറ്റം എന്നിവയും പ്രധാന കാരണങ്ങളാണ്‌. ഇതെല്ലാം പരിഗണിക്കണം–- നാഗ്പുരിൽ ആർഎസ്‌എസ്‌ സ്ഥാപകദിനാഘോഷത്തിൽ ഭാഗവത്‌ പറഞ്ഞു. സംഘപരിവാറും സംഘടിത ഹിന്ദുക്കളും അപകടകരമാണെന്ന ഭീതിപ്പെടുത്തൽ ന്യൂനപക്ഷങ്ങളെന്ന്‌ അവകാശപ്പെടുന്നവർക്കിടയിൽ നടക്കുന്നുണ്ട്‌. സംഘപരിവാറുകാർ കൊല്ലുമെന്നാണ്‌ പറയുന്നത്‌. ക്ഷേത്രവും വെള്ളവും സംസ്‌കാരവും എല്ലാവർക്കും ഒരേപോലെ ആയിരിക്കണം. കല്യാണങ്ങൾക്ക്‌ ആർക്കൊക്കെ കുതിരയെ ഓടിക്കാം, ആർക്കെല്ലാം പറ്റില്ല തുടങ്ങിയ തർക്കങ്ങൾ അവസാനിപ്പിക്കണം. വിദ്യാഭ്യാസം മാതൃഭാഷയിലാകണം. കരിയർ നിർമാണത്തിന്‌ ഇംഗ്ലീഷ്‌ അനിവാര്യമല്ല. സ്‌ത്രീകൾക്ക്‌ തുല്യ അവസരവും അവകാശവും നൽകാതെ ഇന്ത്യക്ക്‌ വളരാനാകില്ല. രാജ്യത്ത്‌ സംഘപരിവാർ ശക്തമായതോടെ ഹിന്ദുരാഷ്ട്രമെന്ന സങ്കൽപ്പം ഇപ്പോൾ ഗൗരവത്തിൽ ഉയർന്നുവരികയാണ്‌. പലരും ഈ സങ്കൽപ്പത്തോട്‌ യോജിക്കുന്നുണ്ട്‌. എന്നാൽ, ‘ഹിന്ദു’ എന്ന വാക്കിനോടാണ്‌ വിയോജിപ്പ്‌. അവർ മറ്റു വാക്കുകൾ നിർദേശിക്കുന്നുണ്ട്‌. അതിൽ ആർഎസ്‌എസിന്‌ പ്രശ്‌നമില്ല. എന്നാൽ, ഹിന്ദു എന്ന വാക്കിന്‌ തുടർന്നും ഊന്നൽ നൽകിക്കൊണ്ടിരിക്കും’–- ഭാഗവത്‌ പറഞ്ഞു. Read on deshabhimani.com

Related News