മോദിയുടെ മൻ കി ബാത്തിൽ 
കൃഷ്‌ണപിള്ളയും സഹോദരൻ അയ്യപ്പനും



ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിൽ  പി കൃഷ്‌ണപിള്ളയുടെയും സഹോദരൻ അയ്യപ്പന്റെയും ചിത്രം. രാജ്യത്ത്‌ വേണ്ടവിധം വാഴ്‌ത്തപ്പെടാതെ പോയ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ച്‌ പരാമർശിച്ചപ്പോഴാണ്‌ ഈ ചിത്രങ്ങൾ നൽകിയത്‌. റേഡിയോ പരിപാടിയായ മൻ കി ബാത്ത്‌ ദൂരദർശനിലും യുടൂബിലും തൽസമയം സംപ്രേഷണം ചെയ്‌ത‌പ്പോഴാണ്‌ ചിത്രങ്ങള്‍ ഉൾപ്പെടുത്തിയത്‌. ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിന്റെ പറയാത്ത കഥ ജനങ്ങളിൽ എത്തിക്കാൻ പ്രചാരണം നടക്കുന്നതായി മോദി പറഞ്ഞു. 14 ഭാഷയിൽ പതിമൂവായിരത്തിലധികം എഴുത്തുകാരും യുവാക്കളും കഥ കണ്ടെത്താൻ തയ്യാറായി വന്നിട്ടുണ്ട്‌. അയ്യായിരത്തിലധികം യുവ എഴുത്തുകാർ സ്വാതന്ത്ര്യസമരത്തിന്റെ കഥ തെരയുകയാണ്‌. ചരിത്രത്തിൽ പതിയാത്ത അജ്ഞാതരെക്കുറിച്ചും വാഴ്‌ത്തപ്പെടാത്ത വീരനായകരെക്കുറിച്ചും എഴുതാൻ മുൻകൈയെടുക്കുകയാണെന്നും- മോദി പറഞ്ഞു. ഈ ഭാഗം സംസാരിക്കവെയാണ്‌ വിവിധ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി കെട്ടിപ്പടുത്ത പി കൃഷ്‌ണപിള്ളയുടെയും സാമൂഹ്യപരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെയും ചിത്രം നൽകിയത്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളല്ലാത്തതുകൊണ്ട്‌ സംഘപരിവാറുകാരൊന്നും ചിത്രത്തിൽ ഉൾപ്പെട്ടില്ല. Read on deshabhimani.com

Related News