തിരിച്ചടികളിൽ മുഖം നഷ്ടപ്പെട്ട്‌ മോദി സർക്കാർ



ന്യൂഡൽഹി ആവർത്തിച്ചുണ്ടാകുന്ന കലാപങ്ങളിലും ദുരന്തങ്ങളിലും ഭീകരാക്രമണങ്ങളിലും മുഖം നഷ്ടപ്പെട്ട്‌ മോദിസർക്കാർ. അദാനി– -ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌, മണിപ്പുർ കലാപം, ജമ്മു -കശ്‌മീരിലെ ഭീകരാക്രമണങ്ങൾ, കർണാടകത്തിൽ ബിജെപിയുടെ പരാജയം, ബിജെപി എംപിയുടെ ലൈംഗികാതിക്രമം സംബന്ധിച്ച്‌  രാജ്യാന്തര ഗുസ്‌തി താരങ്ങളുടെ വെളിപ്പെടുത്തൽ എന്നിവയിൽ പ്രതിച്ഛായ തകർന്ന കേന്ദ്രത്തിന്‌ ഒടുവിലത്തെ തിരിച്ചടിയാണ്‌  ബാലാസോറിലെ ട്രെയിൻദുരന്തം. ശിങ്കിടി മുതലാളിത്ത നയങ്ങൾ പിന്തുടരുമ്പോഴും അഴിമതിവിരുദ്ധ നാട്യത്തിലായിരുന്ന മോദിസർക്കാരിനെ തുറന്നുകാട്ടിയത്‌ അദാനിയുടെ ഓഹരി തട്ടിപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ്‌ റിപ്പോർട്ടാണ്‌. ബിജെപി ഭരണത്തിൽ ക്രമസമാധാന തകർച്ചയും വംശീയ അസ്വാസ്ഥ്യങ്ങളും വർഗീയ ആക്രമണങ്ങളും എത്രത്തോളം രൂക്ഷമാകുമെന്ന്‌ മണിപ്പുർ കലാപം തെളിയിച്ചു. കോൺഗ്രസിൽനിന്ന്‌ എൻ ബീരേൻസിങ്ങിനെ കൂറുമാറ്റി കൊണ്ടുവന്ന്‌ മുഖ്യമന്ത്രിയായി വാഴിച്ചത്‌ മോദിയുടെ നേതൃത്വത്തിലാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ  ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സർക്കാരുകൾക്ക്‌ കഴിയുന്നില്ല. കർണാടകത്തിൽ പ്രധാനമന്ത്രി നേരിട്ട്‌ പ്രചാരണം നയിച്ചിട്ടും ജനം ബിജെപിക്കെതിരായി. ജമ്മു കശ്‌മീരിൽ കേന്ദ്രനയം പരാജയപ്പെട്ടു. സംസ്ഥാനത്തെ വെട്ടിമുറിച്ച്‌  കേന്ദ്രഭരണത്തിൽ കൊണ്ടുവന്നിട്ടും ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നു. ഛത്തീസ്‌ഗഢിൽ ഏപ്രിൽ അവസാനം തീവ്രവാദ ആക്രമണത്തിൽ 11 പേര്‍ കൊല്ലപ്പെട്ടു. സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം വർധിച്ചു. രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ ഗുസ്‌തി താരങ്ങൾ ബിജെപി എംപിയുടെ ലൈംഗിക ആക്രമണങ്ങൾക്കെതിരെ പ്രക്ഷോഭത്തിലാണ്‌. റെയിൽവേ ബജറ്റ്‌ പോലും ഇല്ലാതാക്കിയ മോദിസർക്കാർ യാത്രക്കാരുടെ  സുരക്ഷയുടെ കാര്യത്തിൽ കാണിച്ച അലംഭാവമാണ്‌ ബാലാസോറിൽ വൻദുരന്തത്തിന്‌ ഇടയാക്കിയതെന്ന ആക്ഷേപവും വ്യാപകമാണ്‌. Read on deshabhimani.com

Related News